ലോകമെങ്ങും ഒരു നാടോടിയെപ്പോലെ (Nomad) സഞ്ചരിച്ച് ജീവിതം ആസ്വദിക്കാനും മാതൃരാജ്യത്തിന് പുറത്ത് പോയി വിദൂരത്തുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്നവരുണ്ടാകും.അത്തരക്കാരെ സഹായിക്കുന്നതാണ് ഡിജിറ്റല്‍ നൊമാഡ് വിസ (Digital Nomad Visa). മറ്റൊരു രാജ്യത്ത് യാത്ര ചെയ്യുന്നതിനും ഒരു ചെറിയ കാലയളവ് അവിടെ താമസിക്കുന്നതിനും സഹായിക്കുക മാത്രമല്ല ഒരു ഡിജിറ്റല്‍ നൊമാഡ് വിസ ചെയ്യുന്നത്. ആ രാജ്യങ്ങളിലെ ചെറിയ അസോസിയേഷനുകളുമായും ബിസിനസുകളുമായും വ്യക്തികളുമായും സഹകരിച്ച് ജോലി ചെയ്യാനുള്ള അവസരവും നിങ്ങള്‍ക്കു ലഭിക്കും. റിമോട്ട് ജോലി (Remote Job) അനുവദിക്കുന്ന സ്ഥാപനത്തിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ ജോലി ആ രാജ്യങ്ങളിലെത്തി തുടരുകയും ചെയ്യാം.കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും പലര്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ചിലര്‍ക്കെങ്കിലും അവ പല അവസരങ്ങളും നല്‍കിയിരുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലിരുന്നും തങ്ങളുടെ ജോലി ചെയ്യാനുള്ള അവസരം പലര്‍ക്കും ലഭിച്ചു. ചിലര്‍ ഈ അവസരം മുതലെടുത്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് പോകുകയും ചെയ്തു. അത്തരക്കാര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ ഡിജിറ്റല്‍ നോമാഡ് വിസ.ടൂറിസ്റ്റ് വിസയെക്കാള്‍ കാലപരിധിയുള്ള ഡിജിറ്റല്‍ നൊമാഡ് വിസ വഴി ദീര്‍ഘകാല താമസക്കാരെ കൊണ്ടുവരാനും ടൂറിസം രംഗം ശക്തിപ്പെടുത്താനും പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. കോവിഡ് കാലത്ത് തകര്‍ന്ന സമ്ബദ്‌വ്യവസ്ഥ തിരികെ പിടിക്കാനും പല രാജ്യങ്ങളും ഡിജിറ്റല്‍ നൊമാഡ് വിസ നല്‍കുന്നുണ്ട്. എന്നാല്‍ ഓരോ രാജ്യങ്ങളിലെയും നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഇതിനായുള്ള ചെലവുകള്‍, ഫീസ്, അപേക്ഷിക്കേണ്ട രീതി, വിസാ കാലാവധി എന്നിവയെല്ലാം ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കും.
ഡിജിറ്റല്‍ നൊമാഡ് വിസ നല്‍കുന്ന ചില രാജ്യങ്ങള്‍ ഏതൊക്കെയാണെന്നറിയാം.
1. ഗ്രീസ് (Greece)
നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഡിജിറ്റല്‍ നോമാഡ് വിസ ഉണ്ടെങ്കില്‍ ഗ്രീസില്‍ ഒരു വര്‍ഷത്തോളം നിങ്ങള്‍ക്ക് ജോലി ചെയ്യാം. താല്‍പര്യമുണ്ടെങ്കില്‍ നിങ്ങളുടെ വിസാ കാലാവധി നീട്ടാന്‍ അപേക്ഷിക്കുകയും ചെയ്യാം. അതിലും കൂടുതല്‍ കാലം താമസിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡിജിറ്റല്‍ നോമാഡ് റെസിഡന്‍സ് വിസയ്ക്ക് (Digital Nomad Residence Visa) അപേക്ഷിക്കാം. യൂറോപ്പില്‍ കുറഞ്ഞ ചിലവില്‍ ജീവിക്കാന്‍ സാധിക്കുന്ന രാജ്യം കൂടിയാണിത്.
2. ജര്‍മനി (Germany)
ജര്‍മനിയില്‍ ജോലി ചെയ്യുന്നതും രാജ്യത്തുടനീളം സഞ്ചരിക്കുന്നതും പലരുടെയും സ്വപ്നമായിരിക്കും. ഒരു ജര്‍മന്‍ ഫ്രീലാന്‍സ് വിസ (German Freelance Visa) ഉണ്ടെങ്കില്‍ അതു സാധ്യമാകും. ഡിജിറ്റല്‍ നോമാഡ് വിസ ജര്‍മനിയില്‍ അറിയപ്പെടുന്നത് അങ്ങനെയാണ്. ജര്‍മന്‍ ഫ്രീലാന്‍സ് വിസ ഉണ്ടെങ്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസുകള്‍, മറ്റു വ്യക്തികള്‍ എന്നിവരുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാനാകും. വിസക്ക് അംഗീകാരം ലഭിക്കാന്‍ 4 മാസം വരെ സമയം എടുത്തേക്കും.
3. ഐസ്‍ലാന്‍ഡ് (Iceland)
ഐസ്‌ലാന്‍ഡ് റിമോട്ട് വര്‍ക്കര്‍ വിസ (Iceland Remote Worker Visa) എന്നാണ് ഡിജിറ്റല്‍ നോമാഡ് വിസ രാജ്യത്ത് അറിയപ്പെടുന്നത്. 2020 ഒക്ടോബറിലാണ് ഇത് അവതരിപ്പിച്ചത്. ഒരു താല്‍കാലിക റസിഡന്‍സ് പെര്‍മിറ്റാണ് ഇത്. പക്ഷേ ഈ വിസ കൊണ്ട് രാജ്യത്ത് ജോലി അന്വേഷിക്കാനാകില്ല. അതിനായി ഒരു പ്രത്യേക വിസ ലഭിക്കേണ്ടതുണ്ട്. ജീവിതചിലവ് വളരെ ഉയര്‍ന്ന രാജ്യമാണ് ഐസ്‍ലാന്‍ഡ് എന്ന കാര്യവും മറക്കരുത്. അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യം കൂടിയാണിത്.
4. മൗറീഷ്യസ് (Mauritius)
മൗറീഷ്യസ് എന്ന സ്വപ്നഭൂമിയില്‍ താമസിക്കാനും ജോലി ചെയ്യാനും നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അത് മൗറീഷ്യസ് ഡിജിറ്റല്‍ നോമാഡ് വിസയിലൂടെയോ മൗറീഷ്യസ് പ്രീമിയം ട്രാവല്‍ വിസയിലൂടെയോ സാധിക്കും. ഈ വിസ ഉണ്ടെങ്കില്‍ മൗറീഷ്യസില്‍ ഒരു വര്‍ഷത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. അതിനുശേഷം വിസ പുതുക്കാനായി അപേക്ഷിക്കാം. എന്നാല്‍ ഈ ദ്വീപ് രാഷ്ട്രത്തില്‍ ആറുമാസം താമസിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള നികുതി അടക്കണം.
5. ഇന്തോനേഷ്യ (Indonesia)
ഡിജിറ്റല്‍ നൊമാഡ് വിസയുള്ള ഒരു വ്യക്തിക്ക് പരമാവധി അഞ്ച് വര്‍ഷം വരെ ഇന്തോനേഷ്യയില്‍ താമസിക്കാം. കൂടാതെ, മറ്റു രാജ്യങ്ങളില്‍ നിന്നുമെത്തുന്ന തൊഴിലാളികള്‍ നികുതി അടക്കേണ്ടതുമില്ല.
6. നോര്‍വേ (Norway)
നോര്‍വേയിലെ സ്വാല്‍ബാര്‍ഡ് ഡിജിറ്റല്‍ നോമാഡ് വിസയുള്ള (Svalbard Digital Nomad Visa) ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ രാജ്യത്ത് താമസിക്കാം. എന്നാല്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. രാജ്യത്ത് താമസിക്കുന്നിടത്തോളം കാലം തങ്ങള്‍ക്കു ജീവിക്കാനാവശ്യമായ വരുമാനം ഉണ്ടെന്ന് അധികാരികളെ രേഖാമൂലം ബോധ്യപ്പെടുത്തണം. നോര്‍വേയും ജീവിതച്ചെലവ് കൂടുതലുള്ള ഒരു രാജ്യമാണ്.
7. ബഹാമാസ് (The Bahamas)
ബഹാമാസ് ഡിജിറ്റല്‍ നോമാഡ് വിസയ്ക്ക് 365 ദിവസത്തേക്ക് കാലാവധിയുണ്ട്. എന്നാല്‍ വിസ ലഭിക്കുന്നതിനായി നിങ്ങള്‍ ഒരു ഡിജിറ്റല്‍ നൊമാഡ് ആണെന്നും രാജ്യത്ത് ജീവിക്കാനാവശ്യമായ പണം ഉണ്ടാക്കാന്‍ കഴിയുമെന്നും തെളിയിക്കണം. ഈ വിസയുണ്ടെങ്കില്‍ ബഹാമാസില്‍ ജോലി ചെയ്യാനും കഴിയും.
8. പോര്‍ച്ചുഗല്‍ (Portugal)
സ്ഥിരതയുള്ള ഒരു സ്രോതസ്സില്‍ നിന്ന് മതിയായ വരുമാനം ഉണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ പോര്‍ച്ചുഗലിലെ ഡി7 പാസീവ് ഇന്‍കം വിസ (D7 Passive Income Visa) ലഭിക്കൂ. ഈ വിസക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാകുക. അതിനുശേഷം രണ്ട് വര്‍ഷത്തേക്കു കൂടി വിസ പുതുക്കാം.
9. ചെക്ക് റിപ്പബ്ലിക് (The Czech Republic)
ഫ്രീലാന്‍സ് വിസ അല്ലെങ്കില്‍ സിവ്നോ വിസ (Zivno Visa) ഉണ്ടെങ്കില്‍ ഒരു വര്‍ഷത്തേക്ക് ചെക്ക് റിപ്പബ്ലിക്കില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാം. അത് പിന്നീട് രണ്ട് വര്‍ഷത്തേക്ക് പുതുക്കാം. എന്നാല്‍ എന്തിനാണ് രാജ്യത്ത് വന്നതെന്ന കാര്യവും കുറഞ്ഞത് മൂന്നു മാസം അവിടെ ഉണ്ടാകുമെന്നും തെളിയിക്കണം.
10. സ്പെയിന്‍
സ്പാനിഷ് ഇതര കമ്ബനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവര്‍ക്കും വിദൂര സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സ്പെയിനിലും ഡിജിറ്റല്‍ നോമാഡ് വിസ ലഭിക്കും. സ്പെയിനിലെ ഡിജിറ്റല്‍ നോമാഡ് വിസ ലഭിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ 30 ദിവസത്തിനുള്ളില്‍ ഒരു റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. വിസക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാകുക. രണ്ട് വര്‍ഷത്തേക്ക് പുതുക്കാവുന്നതുമാണ്.