യുവ കര്‍ഷകന്‍റെ മീന്‍ കുളത്തില്‍നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വിളവെടുക്കാറായ മത്സ്യം മോഷണം പോയതായി പരാതി
അടിമാലി: ശാന്തന്‍പാറ പത്തേക്കര്‍ സ്വദേശിയായ പാറമലയില്‍ ജോമോന്‍ എന്ന യുവ കര്‍ഷകനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചേരിയാറില്‍ പാട്ടത്തിനെടുത്ത കുളത്തില്‍ വളര്‍ത്തിയിരുന്ന തിലോപ്പിയ, നട്ടര്‍, ഗോള്‍ഡ് ഫിഷ് തുടങ്ങിയവയാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയിരിക്കുന്നതെന്നും ജോമോന്‍ പറയുന്നു.കുളത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് വിളവെടുക്കാനിരുന്ന മത്സ്യത്തെ മോഷ്ടിച്ചിരിക്കുന്നത്. പ്രതികളെക്കുറിച്ച സൂചനകള്‍ നാട്ടുകാര്‍ നല്‍കിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കൃത്രിമ എയറേഷന്‍ സംവിധാനത്തിലൂടെയാണ് മൂന്ന് സെന്‍റ് കുളത്തില്‍ നാലായിരത്തോളം മത്സ്യ ക്കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്. ഇത് കൂടാതെ രണ്ട് കുളങ്ങളും മത്സ്യം വളര്‍ത്താന്‍ ജോമോന്‍ പാട്ടത്തിനെടുത്തിട്ടുണ്ട്.
മണ്ണിടിഞ്ഞ് വീട് തകര്‍ന്നു; മണികണ്ഠന്‍ചാല്‍ പാലം മുങ്ങി; സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി (Cyclonic Circulation) നിലനില്‍ക്കുന്നതാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ഇത് ന്യൂന മര്‍ദ്ദമായി (Low Pressure Area) ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തില്‍ ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലൈ 5 ,6, 7 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മണികണ്ഠന്‍ചാല്‍ പാലം മുങ്ങി
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ പാലം മുങ്ങി. നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന്‍ ചാലിലേക്കുമുള്ള ഏക പ്രവേശന മാര്‍ഗമാണ് ഈ പാലം. പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പാലം മുങ്ങിയാല്‍ അത്യാവശ്യക്കാര്‍ക്ക് മറുകരയെത്താന്‍ പഞ്ചായത്തിന്റെ ഒരു വള്ളമുണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് കൊണ്ട് ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ പാലത്തിലെ വെള്ളമിറങ്ങാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു
ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. പതിനാറാംകണ്ടം ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് തകര്‍ന്നത്. കുടുംബാംഗങ്ങള്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു
03-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
04-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
05-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
06-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 02-07-2022 മുതല്‍ 06-07-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 02-07-2022 മുതല്‍ 06-07-2022 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.
പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍
02-07-2022 മുതല്‍ 06-07-2022 വരെ: തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
02-07-2022 മുതല്‍ 04-07-2022 വരെ: കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രാ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.