‘ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ട എന്നു വിളിക്കുന്നത്’; സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം തുറന്നു
തിരുവനന്തപുരം കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.മേല്‍പ്പാലത്തിലെ സെല്‍ഫി പോയിന്‍റ് തുറന്ന് നല്‍കിയത് നടന്‍ പൃഥ്വിരാജ്. 4 കോടി രൂപ ചെലവിലാണ് കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 104 മീറ്ററാണ് നീളം. മേല്‍പ്പാലത്തിലേക്ക് സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ലിഫ്റ്റ്, സി സി ടി വി ക്യാമറകള്‍, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങള്‍ തുടങ്ങിയ മേല്‍പ്പാലത്തിലുണ്ട്.തിരക്കേറിയ റോഡ് മുറിച്ചു കടക്കാന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കാല്‍നട മേല്‍പ്പാലം നഗരത്തിന് മാറ്റ് കൂട്ടുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. വേഗതയില്‍ വണ്ടിയോടിച്ചതിന് സ്ഥിരമായി പൊലീസ് തടഞ്ഞ് നിര്‍ത്തിയിരുന്ന സ്ഥലമായിരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജ് സംസാരിച്ചത്.ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ട എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് വന്ന് കളയാമെന്ന് കരുതിയാണ് പരിപാടിക്ക് എത്തിയത് എന്നും പൃഥ്വിരാജ് പറഞ്ഞു.