തണലൊരുക്കി ആസ്റ്റര്‍ ഹോംസ് ;റീ ബില്‍ഡ് കേരളയുമായി ചേര്‍ന്ന് 255 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക സേവനവിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ്;15 കോടി രൂപ ചിലവഴിച്ചാണ് 255 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്

0

തിരുവനന്തപുരം ഓഗസ്റ്റ്‌ 26-2022: സംസ്ഥാനത്ത് മഹാപ്രളയത്തില്‍ സര്‍വ്വവും നഷ്‌പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന വാദ്ഗാനം യാഥാര്‍ത്ഥ്യമാക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. 2018 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുമായി ചേര്‍ന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക സേവനവിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ് പൂര്‍ത്തീകരിച്ച 255 വീടുകളുടെ നിർമ്മാണ പൂർത്തികരണ പ്രഖ്യാപനവും താക്കോല്‍ ദാനവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവ്വഹിച്ചു.

വ്യവസായ, നിയമ – കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 2018 പ്രളയാനന്തര പ്രവർത്തനങ്ങൾക്കായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ 2.5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

https://fb.watch/f8vHMZ3sqG/


ചടങ്ങില്‍ ആസ്റ്റര്‍ ഹോംസ് ഔദ്യോഗിക വെബ്‌സൈറ്റായ www.asterhomes.org -യുടെ ലോഞ്ചും നടന്നു.വീടുകള്‍ നിര്‍മ്മിക്കാനായി പിന്തുണച്ച വ്യക്തികള്‍, എന്‍ജിഒകള്‍, അസോസിയേഷനുകള്‍, ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാകും.
വീടുകള്‍ നഷ്ടപ്പെട്ടവരില്‍, സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അതേ ഇടങ്ങളില്‍ തന്നെ വീട് വച്ചു നല്‍കിയും, ഭൂമിയില്ലാത്തവര്‍ക്ക് ചില നല്ല മനസ്സുകള്‍ സൗജന്യമായി നല്‍കിയ ഭൂമിയില്‍ ക്ലസ്റ്റര്‍ ഭവനങ്ങളും, പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ പുതുക്കി പണിതു നല്‍കുകയുമാണ് ചെയ്തത്. 2018 സെപ്റ്റംബറിലായിരുന്നു ആസ്റ്റര്‍ ഹോംസ് പദ്ധതി പ്രഖ്യാപിച്ചത്. 15 കോടി രൂപ ചിലവഴിച്ചാണ് 255 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ അറുപത് ആസ്റ്റര്‍ ജീവനക്കാര്‍ ചേര്‍ന്ന് 2 കോടി 25 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ചു നല്‍കിയ 45 വീടുകളുമുണ്ട്.
വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി പണിത വീടുകള്‍ നിമിഷ നേരത്തില്‍ തകർന്ന് പോകുന്നത് കണ്ട് നിസ്സഹായരായി നില്‍ക്കേണ്ടി വന്നവര്‍ക്ക് സുരക്ഷിതമായ വീടുകള്‍ തിരിച്ചു നല്‍കാനാകുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.പ്രകൃതി കലിതുള്ളിയ ആ നാളുകളില്‍ നൂറ് കണക്കിന് ആളുകളാണ് മരണപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് വീടുള്‍പ്പടെ ഒരു ആയുസ്സിന്റെ സമ്പാദ്യമെല്ലാം നഷ്ടമായി. ജീവിതം ഒന്നില്‍ നിന്ന് കെട്ടിപ്പടുക്കാന്‍ പിന്തുണ ആവശ്യമുള്ളവരുടെ ഒപ്പം നില്‍ക്കുക എന്നത് 1987 മുതല്‍ ആസ്റ്ററിന്റെ ഡിഎന്‍എയില്‍ അലിഞ്ഞു ചേര്‍ന്ന മൂല്യമാണ്. പ്രളയകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ദുരിതാശ്വാസവും വൈദ്യസഹായവും നല്‍കുന്നതിന് ആസ്റ്റര്‍ വോളന്റിയേഴ്സ് ടീം രംഗത്തുണ്ടായിരുന്നു.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി 2018 ല്‍ മുഖ്യമന്ത്രി റീബില്‍ഡ് കേരള പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ തന്നെ ആസ്റ്റര്‍ വീടുകള്‍ വച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. ആ വാക്കാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇതൊട്ടും ചെറിയ ദൗത്യം ആയിരുന്നില്ല. എന്നാല്‍ സമാന ചിന്താഗതിക്കാരായ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെയും, ആസ്റ്റര്‍ വോളന്റിയര്‍മാരുടെ സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ബൃഹത്തായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായത്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ 255 വീടുകളുടെ താക്കോല്‍ അതിന്റെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന ഈ നിമിഷം ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
മഹാപ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പിന്നീട് പ്രളയാനന്തര പദ്ധതിയായ റീ ബില്‍ഡ് കേരളയ്ക്കും പിന്തുണയറിച്ച് ആദ്യഘട്ടത്തില്‍ തന്നെ രംഗത്തെത്തിയ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. അമ്പത്തിനാലായിരത്തിലധികം ആളുകളെയായിരുന്നു മഹാപ്രളയം ബാധിച്ചത്. നാനൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ആസ്റ്ററില്‍ നിന്നുള്ള ഇരുന്നൂറിലധികം മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ വളണ്ടിയേഴ്‌സ് ആയിരുന്നു അന്ന് പ്രളയബാധിത മേഖലകളില്‍ സേവനരംഗത്ത് ഉണ്ടായിരുന്നത്. ആസ്റ്റര്‍ വോളന്റിയേഴ്സ് ഗ്ലോബല്‍ പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ ഡിസാസ്റ്റര്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചായിരുന്നു വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. മെഡിക്കല്‍ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ വിതരണം, രോഗപരിശോധന തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളായിരുന്നു ആസ്റ്റര്‍ വോളന്റിയേഴ്സ് നടത്തിയത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ് ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടാറുണ്ട് . അടുത്തിടെ അസമിലെ വെള്ളപ്പൊക്കത്തില്‍ സില്‍ച്ചാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വൈദ്യസഹായം അടക്കം എത്തിക്കാന്‍ ആസ്റ്റര്‍ വോളന്റിയേഴ്സിന് സാധിച്ചു. സമീപകാലത്ത് യുഎഇയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും അവര്‍ സേവനരംഗത്തുണ്ടായിരുന്നു. നിര്‍ധനരായ കുട്ടികളുടെ കരള്‍മാറ്റ ശസ്ത്രക്രിയ ഉള്‍പ്പടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

You might also like
Leave A Reply

Your email address will not be published.