മഞ്ഞുരുകുന്ന ഗ്രീന്‍ലന്‍ഡില്‍ ‘നിധി കുഴിക്കാന്‍’ അതിസമ്ബന്നര്‍; നിക്കല്‍, കൊബാള്‍ട്ട് ശേഖരം തേടി ബെസോസും ഗേറ്റ്സും

0

കോപന്‍ഹേഗന്‍: മഞ്ഞുരുക്കം അതിവേഗത്തിലായ ലോകത്തെ ഏറ്റവും വലിയ ദ്വീപിനടിയില്‍ ‘നിധി’ തിരഞ്ഞ് ജെഫ് ബെസോസും ബില്‍ ഗേറ്റ്സും മൈക്കല്‍ ബ്ലൂംബര്‍ഗും.മഞ്ഞുരുകിയ മണ്ണിനടിയില്‍ വിലയേറിയ ലോഹങ്ങളായ നിക്കല്‍, കൊബാള്‍ട്ട് എന്നിവയുടെ വന്‍ശേഖരമുണ്ടെന്ന പ്രതീക്ഷയിലാണ് ശതകോടികള്‍ മുടക്കാന്‍ അതിസമ്ബന്നര്‍ ഒരുങ്ങുന്നത്. വൈദ്യുതി വാഹനങ്ങളില്‍ ബാറ്ററിക്ക് കൊബാള്‍ട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ കാലം അവസാനിച്ചാലും വാഹനങ്ങള്‍ നിരത്തിലോടാന്‍ ഇവയുടെ സാന്നിധ്യം ആവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ഒന്നാമത്തേയോ രണ്ടാമത്തേയോ കൊബാള്‍ട്ട് നിക്ഷേപമാകും ഗ്രീന്‍ലന്‍ഡിലെന്ന് ഈ രംഗത്തെ മുന്‍നിര കമ്ബനിയായ കൊബോള്‍ഡ് മെറ്റല്‍സ് സി.ഇ.ഒ കുര്‍ട് ഹൗസ് പറഞ്ഞു. ബെസോസും ഗേറ്റ്സും ബ്ലൂംബര്‍ഗും ചേര്‍ന്ന് ഫണ്ട് ചെയ്യുന്ന കമ്ബനിയാണ് കൊബോള്‍ഡ് മെറ്റല്‍സ്.ഗ്രീന്‍ലന്‍ഡിലെ ഡിസ്കോ ദ്വീപ്, നൂസുവാഖ് ഉപദ്വീപ് എന്നിവ കേന്ദ്രീകരിച്ചാണ് അപൂര്‍വ ഖനിജങ്ങള്‍ തേടിയുള്ള ഖനനം. ഇതിനായി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍, ഭൗമോര്‍ജതന്ത്രജ്ഞര്‍ ഉള്‍പെടെ വന്‍സംഘം ഇവിടെ ക്യാമ്ബു ചെയ്യുന്നുണ്ട്. ഡ്രോണുകളും ഹെലികോപ്ടറുകളും സഹായത്തിനായുണ്ട്. മഞ്ഞുരുക്കത്തിന് വേഗംകൂടിയതോടെ വലിയ യന്ത്രങ്ങളുമായി കപ്പലുകള്‍ എത്തുന്നത് പ്രവൃത്തികള്‍ അതിവേഗത്തിലാക്കിയിട്ടുണ്ട്. ഗ്രീന്‍ലന്‍ഡ് ദ്വീപിനടിയില്‍ ഇവക്കു പുറമെ കല്‍ക്കരി, ചെമ്ബ്, സ്വര്‍ണം, സിങ്ക് തുടങ്ങിയവയുമുണ്ടാകുമെന്നാണ് അനുമാനം.ആര്‍ടിക്കിനെ കുറിച്ച്‌ പഠിക്കുന്ന ഗവേഷകര്‍ക്ക് കടുത്ത ആധി നല്‍കുന്നതാണ് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം. അടുത്ത 20-30 വര്‍ഷത്തിനിടെ പ്രദേശത്തുനിന്ന് മഞ്ഞ് അപ്രത്യക്ഷമാകുമെന്നാണ് ആശങ്ക.

You might also like

Leave A Reply

Your email address will not be published.