ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നടന്നടുക്കുന്ന ഖത്തറിലെ ഫുട്ബാള്‍ ആരാധകര്‍ക്ക് വ്യാഴാഴ്ച ആവേശദിനം
വിശ്വമേളക്കായി ഒരുങ്ങിയ ഏഴ് സ്റ്റേഡിയങ്ങളുടെ മനോഹാരിതയും നുകര്‍ന്നവര്‍ ഇന്ന് കലാശപ്പോരാട്ട വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക്. ഡിസംബര്‍ 18ന് കിരീടവിജയികള് ആരെന്ന് നിശ്ചയിക്കുന്ന പോരാട്ടവേദി ആദ്യമായി കളിയാരാധകര്‍ക്ക് മുമ്ബാകെ തുറന്നുനല്‍കുകയാണ്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ദോഹ ഡെര്‍ബിയായ അല്‍ അറബി-അല്‍ റയ്യാന്‍ മത്സരത്തോടെയാണ് ലുസൈലിലെ സുന്ദര കളിമുറ്റത്ത് പന്തുരുണ്ടുതുടങ്ങുന്നത്.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പിന്നീടാണ് നിശ്ചയിച്ചതെങ്കിലും ട്രയല്‍ റണ്ണായാണ് സ്റ്റാര്‍സ് ലീഗ് മത്സരത്തിന് വേദിയാവുന്നത്. മറ്റു മത്സരങ്ങള്‍ക്കൊന്നും വലിയ ആള്ത്തിരക്കുണ്ടായില്ലെങ്കിലും ലുസൈലിലേക്ക് കാണികളുടെ ഒഴുക്ക് ഉറപ്പായി. രണ്ടു ദിവസം മുമ്ബേതന്നെ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ ആരാധകരും ലുസൈലിലെ ആദ്യ അങ്കത്തിന് സാക്ഷിയാവാനുള്ള തയാറെടുപ്പിലാണ്.ലീഗിലെ രണ്ടാം റൗണ്ട് മത്സരമാണ് വ്യാഴാഴ്ച. ഒരാഴ്ച മുമ്ബ് നടന്ന ആദ്യ റൗണ്ടില്‍ അല്‍ അറബി ഖത്തര്‍ എസ്.സിയെ തോല്പിച്ചപ്പോള്, റയ്യാന്‍ അല്‍ ഷമാലിനോട് തോറ്റിരുന്നു.ലോകകപ്പ് ഫൈനല്‍ വേദിയെന്നനിലയില്‍ ശ്രദ്ധാകേന്ദ്രമായിമാറുന്ന വേദിയില്‍ ആദ്യമായി പന്തുതട്ടുന്നവര്‍ എന്ന ഭാഗ്യത്തിന്റെ ആവേശത്തിലാണ് കളിക്കാരും. സ്റ്റാര്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തിനുമാവും ഇന്ന് വേദിയാവുന്നത്.’വന്‍ ജനക്കൂട്ടമെത്തുന്ന പോരാട്ടത്തിന് തിരഞ്ഞെടുത്തതിന് നന്ദി. സുപ്രധാന മത്സരമെന്ന നിലയില്‍ ടീം അംഗങ്ങളും ആവേശത്തിലാണ്’ -അല്‍ അറബി കോച്ച് യൂനുസ് അലി പറഞ്ഞു. സിറിയന്‍ സ്ട്രൈക്കര്‍ ഉമര്‍ അല്‍ സോമയാണ് അറബിയുടെ പ്രധാന താരം. ആദ്യകളിയില്‍ തോറ്റ റയ്യാന്‍ നിരയില്‍ കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസിന് ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.