ബെയ്ജിങ്: ചൈനയിലെ തെക്ക്- പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി കനത്ത മഴ.ഞായറാഴ്ച മുതലാണ് സിചുവാങ് അടക്കം തെക്ക്- പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ കനത്തത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്.പ്രളയം പ്രതിരോധിക്കാന്‍ അടിയന്തര നീക്കങ്ങള്‍ സിചുവാങില്‍ നടക്കുന്നുണ്ട്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യ ആഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് ഏഴിന് 60 വര്‍ഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് ചൈനയില്‍ താപനില വര്‍ധിച്ചു. നിരവധി പട്ടണങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു.ജലവൈദ്യുത പ്ലാന്‍റിലെ ഉത്പാദനം കുറക്കുകയും മിക്ക പട്ടണങ്ങളിലും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഊര്‍ജ സംരക്ഷണത്തിനായി സിചുവാങില്‍ ആറ് ദിവസത്തേക്ക് ഫാക്ടറികള്‍ അടച്ചിടാനും സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.യാങ്സെ നദീ തടം വറ്റുകയും വിളകള്‍ ഉണങ്ങുകയും കൃഷിപ്പാടങ്ങള്‍ വിണ്ടുകീറുകയും ചെയ്തത് കടുത്ത പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.