കേരളത്തിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്താന്‍ ടാറ്റ എലക്സിയുമായി കൈകോര്‍ത്ത് ജിടെക്

0

തിരുവനന്തപുരം: കേരളത്തിലെ റോഡ് സുരക്ഷയെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിന് ടാറ്റ എലക്സിയുമായി സഹകരിച്ച് ജിടെക്. ഇതിനായി  ‘ഡിഫന്‍സീവ് ഡ്രൈവിംഗ് ടാറ്റ സ്ട്രൈവ്’ എന്ന പേരില്‍ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കി. 
ആപ്പില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ‘ബഡ്തി കാ നാം ഗാഡി’ എന്ന പേരില്‍ 5 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 24 എപ്പിസോഡുകളുള്ള വെബ് സീരിസ് ആണുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. 
ഒരു പുതിയ ആശയത്തിലൂടെയും അവതരണ രീതിയിലൂടെയും റോഡ് സുരക്ഷയക്കുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കുന്നതാണ് ഈ വെബ് സീരിസ്. ബോളിവുഡ് നടന്‍ വിജയ് റാസ് റോഡ് അപകടത്തില്‍പ്പെട്ടവരുടെ പ്രേതങ്ങളെ അഭിമുഖം ചെയ്യുന്ന രീതിയിലാണ് സീരിസ് അവതരിപ്പിക്കുന്നത്. വീഡിയോയിലൂടെ റോഡപകടങ്ങള്‍ക്ക് സാധാരണ കാരണമാകുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ച് കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെടും. വീഡിയോയെ തുടര്‍ന്ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യന്‍ ഭാഷകളിലുമായി 10 ചോദ്യങ്ങള്‍ വീതമുള്ള ഒരു ക്വിസും നടത്തും. ഇതില്‍ ശരിയുത്തരം നല്‍കുന്നവര്‍ക്ക് സംസ്ഥാന ഗതാഗത വകുപ്പും ടാറ്റ സ്ട്രൈവ് സിഇഒയും ഒപ്പിട്ട ഇ സര്‍ട്ടിഫിക്കറ്റ് നേടും. സ്കൂളുകളിലൂടെയും കോളേജുകളിലൂടെയും ആപ്പിന് വിപുലമായ പ്രചാരം നല്‍കും.


ആപ്പിന്‍റെ കേരള ലോഞ്ച് ടെക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്‍റെ സാന്നിധ്യത്തില്‍ എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ് ഉദ്ഘാടനം ചെയ്തു. ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി, ജിടെക് സിഎസ്ആര്‍ ഹെഡ് റോണി സെബാസ്റ്റ്യന്‍, ടാറ്റ സ്ട്രൈവ് സീനിയര്‍ ലീഡര്‍ ലൂക്കാസ് സല്‍ദാന, ടാറ്റ എല്‍ക്സി സിഎസ്ആര്‍ ഹെഡ് അരുണവ മുഖോപാധ്യായ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
പ്രധാന പൊതുതാത്പര്യ വിഷയങ്ങളില്‍ ജിടെക് അതിന്‍റെ സാമൂഹ്യപ്രതിബദ്ധത നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയതെന്ന് ജിടെക് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. 2018 മുതല്‍ 2022 ഏപ്രില്‍ വരെ 16000 ജീവനുകള്‍ കേരളത്തിലെ റോഡില്‍ പൊലിഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ബിസിനസ് ഗ്രൂപ്പുമായി ചേര്‍ന്നുള്ള ഈ കാമ്പയിനിലൂടെ കേരളത്തിന്‍റെ ഐടി വ്യവസായത്തിന് പൊതുജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റപ്പെടുകയാണെന്നും മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

You might also like
Leave A Reply

Your email address will not be published.