ഓരോ ദിവസവും എമിറേറ്റിലെ എട്ട് ‘സാലിക്’ ടോള്‍ഗേറ്റുകള്‍ വഴി കടന്നുപോകുന്നത് 14 ലക്ഷത്തിലേറെ വാഹനങ്ങള്‍
ദുബൈ: അധികൃതര്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. യാത്രക്കാര്‍ കൂടുതലായി ടോള്‍ഗേറ്റുകള്‍ വഴി സഞ്ചരിക്കുന്നതാണ് ഇത് വ്യക്തമാക്കുന്നത്. സമയവും ഇന്ധനവും ലാഭിക്കാന്‍ കഴിയുന്നതാണ് ശൈഖ് സായിദ് റോഡിലടക്കമുള്ള ടോള്‍ ഗേറ്റുകള്‍ ഉപയോഗപ്പെടുത്താന്‍ കാരണം.കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ആകെ 48.1കോടി വാഹനങ്ങള്‍ ‘സാലിക്’ ഗേറ്റുകള്‍ വഴി കടന്നുപോയിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 26.7 കോടി വാഹനങ്ങള്‍ ടോള്‍ ഗേറ്റുകള്‍ ഉപയോഗിച്ചു. ഈ കണക്കനുസരിച്ച് 14 ലക്ഷത്തിലേറെയാണ് ദിനേനയുള്ള ശരാശരി വാഹനങ്ങളുടെ എണ്ണം. വാഹനങ്ങളുടെ എണ്ണം ഈ ശരാശരിയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷാവസാനം 53.8 കോടിയിലെത്തും. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.’സാലിക്’ ഓഹരിയുടെ 20 ശതമാനം ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ) വില്‍ക്കുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. 150 കോടി ഓഹരികളാണ് ഇത്തരത്തില്‍ വില്പനക്ക് വെക്കുന്നതെന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. സെപ്റ്റംബര്‍ 13 മുതല്‍ 20 വരെയാണ് വില്പന നടക്കുക. ഇതിന് മുന്നോടിയായാണ് ദിനേ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയത്.മികച്ച സേവനങ്ങളിലൂടെ ‘സാലിക്’ 92 ശതമാനം ഉപഭോക്തൃ സംതൃപ്തി നേടിയെടുത്തിട്ടുണ്ട്. ദുബൈ നഗരത്തിലെ യാത്രക്കാരില്‍ 60 ശതമാനവും സ്വകാര്യ കാറുകളാണ് യാത്രക്ക് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. ഇവരില്‍ വലിയ ശതമാനവും ‘സാലിക്’ ഉപയോഗപ്പെടുത്തുന്നവരുമാണ്. ഓരോ തവണയും ഒരു വാഹനം സാലിക് ടോള്‍ പോയന്റിലൂടെ കടന്നുപോകുമ്ബോള്‍ പ്രീപെയ്ഡ് അക്കൗണ്ടില്‍നിന്ന് നാല് ദിര്‍ഹമാണ് ഈടാക്കുന്നത്. ഈ നിരക്ക് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് വിവിധ ഏജന്‍സികള്‍ വിലയിരുത്തുന്നത്. പണപ്പെരുപ്പം നികത്താനായി ‘സാലികി’ന്റെ ടോള്‍ ഗേറ്റ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നിലവിലുള്ള എട്ടു ടോള്‍ഗേറ്റുകള്‍ കൂടാതെ കൂടുതല്‍ ഗേറ്റുകള്‍ നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. എന്നാല്‍, ഇതിനെല്ലാം ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്.