തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐകാര്‍ഗോ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ പ്രവര്‍ത്തനസജ്ജമായതോടെ പുതിയ ഇന്‍റഗ്രേറ്റഡ് കാര്‍ഗോ മാനേജ്മെന്‍റ് സിസ്റ്റത്തിന് (ഐസിഎംഎസ്) തുടക്കമായി. ഏറ്റവും പുതിയ ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇതിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ ബിസിനസിനെ സഹായിക്കുക വഴി സിംഗപ്പൂരും പുറത്തുമുള്ള കാര്‍ഗോ ഉപഭോക്താക്കള്‍ക്ക് ഏകജാലക കാര്‍ഗോ സംവിധാനം സാധ്യമാകും. ഇതു കൂടാതെ കാര്‍ഗോ സംവിധാനത്തില്‍ പങ്കാളികളായ സെയില്‍സ് ഏജന്‍റുമാര്‍, ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ജീവനക്കാര്‍, കാര്‍ഗോ കൈകാര്യം ചെയ്യുന്നവര്‍ എന്നിവരുടെ പ്രവര്‍ത്തനം അനായാസമാക്കുകയും ചെയ്യും. മികച്ച ഡാറ്റ ക്വാളിറ്റിയും ഇന്‍സൈറ്റും വഴി തത്സമയ, ഡാറ്റാ നിയന്ത്രിത സെയില്‍സ്, ഓപ്പറേഷന്‍സ്, ഫിനാന്‍ഷ്യല്‍ പ്രോസസ് എന്നിവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉറപ്പുവരുത്താനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സാധിക്കും.
ഐസിഎംഎസ് പ്രവര്‍ത്തനമാരംഭിച്ച 2022 ആഗസ്റ്റ് ഒന്നുമുതല്‍ സെയില്‍സ്, ഓപ്പറേഷന്‍സ്, ഫിനാന്‍സ് എന്നീ മേഖലകളിലുള്ള 1,500 യൂസര്‍മാര്‍ ഇതിന്‍റെ ഗുണഭോക്താക്കള്‍ ആയിട്ടുണ്ട്. ഐകാര്‍ഗോ വഴി 24,000 വിമാനങ്ങള്‍, 202,000 ബുക്കിംഗുകള്‍, 192,000 എയര്‍വേ ബില്ലുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനു പുറമേ 85 ലക്ഷം ഇന്‍കമിംഗ് സന്ദേശങ്ങളോട് പ്രതികരിച്ചിട്ടുമുണ്ട്.
ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ (സിഡിഎക്സ്) ബിസിനസ് വഴി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് യൂസര്‍ ആക്സപ്റ്റന്‍സ് ടെസ്റ്റിംഗ് (യുഎടി) സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. ബിസിനസ് പ്രോസസ് ട്രാന്‍സ്ഫോര്‍മേഷനും മാനേജ്മെന്‍റ് വൈദഗ്ധ്യത്തില്‍ മാറ്റം വരുത്തുന്നതിനും യുഎടി സഹായിക്കുന്നു. ലോകത്തെമ്പാടുമുള്ള 100 ഉപഭോക്താക്കളുടെ നിര്‍ദേശങ്ങളും 20 അപ്സ് ട്രീം, ഡൗണ്‍സ്ട്രീം മെസേജിംഗ് സിസ്റ്റങ്ങളും പരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാണിത്.
എയര്‍കാര്‍ഗോയുടെ ഡിജിറ്റലൈസേഷന് വേഗം കൂട്ടാന്‍ കൊവിഡ് 19 കാരണമായിട്ടുണ്ടെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് ചിന്‍ യാവു സെങ് ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയില്‍ എയര്‍ കാര്‍ഗോയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഡിജിറ്റലൈസേഷന് ഐബിഎസിന്‍റെ ഐകാര്‍ഗോ സുപ്രധാന പങ്ക് വഹിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും വിപണിയിലുണ്ടാകുന്ന മാറ്റങ്ങളോട് എളുപ്പം പ്രതികരിക്കാനും ആഗോള വ്യവസായ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് മികച്ച സേവനം നല്‍കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സുമൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ കാര്‍ഗോ-ലോജിസ്റ്റിക്സ് സൊല്യൂഷന്‍സ് മേധാവി അശോക് രാജന്‍ പറഞ്ഞു. ഭാവിയിലേക്കുള്ള എയര്‍കാര്‍ഗോ അവസരങ്ങള്‍ മുതലാക്കാനും ഡിജിറ്റലൈസേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് നൂതനമായ അനുഭവം നല്‍കാനും ഇതിലൂടെ സാധിക്കും. ഭാവിയിലെ വാണിജ്യനേട്ടങ്ങള്‍ക്കായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഐസിഎംഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ആവേശകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ രണ്ടാം ഘട്ടം 2023 മാര്‍ച്ചില്‍ നടക്കും. മെയില്‍ മൊഡ്യൂള്‍ മൈഗ്രേഷന്‍, മെയില്‍ റവന്യൂ അക്കൗണ്ടിംഗ്, സെയില്‍സിലെ പുതിയ സാധ്യതകള്‍, ഓപ്പറേഷന്‍സ്, കാര്‍ഗോ റവന്യു അക്കൗണ്ടിംഗ് മൊഡ്യൂള്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്.