കെഎസ് യുഎം ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് ഉച്ചകോടിയില്‍ ഇന്‍റര്‍നെറ്റ് ഓഫ് ക്യാറ്റില്‍ ഇന്നൊവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ ക്ഷീരമേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ആദ്യ ഇന്നൊവേഷന്‍ ചലഞ്ചിന് തുടക്കമായി. ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ നടന്ന സംസ്ഥാനത്തിന്‍റെ ആദ്യ ഐഒടി ഉച്ചകോടിയിലാണ് ചലഞ്ച് പ്രഖ്യാപിച്ചത്.

പശുക്കളുടെ ആരോഗ്യ സംരക്ഷണം, രോഗലക്ഷണങ്ങള്‍ തിരിച്ചറിയല്‍, രോഗം നേരത്തേ കണ്ടെത്തല്‍ എന്നിവയുള്‍പ്പെടെ അവയുടെ പ്രധാന കാര്യങ്ങളൊക്കെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുകയാണ് ‘ഇന്‍റര്‍നെറ്റ് ഓഫ് ക്യാറ്റില്‍ ഇന്നൊവേഷന്‍ ചലഞ്ചിന്‍റെ ലക്ഷ്യം.

ആധാര്‍ ഐഡിക്ക് സമാനമായ കന്നുകാലി തിരിച്ചറിയല്‍ സംവിധാനവും ചലഞ്ചിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തേടുന്നുണ്ട്. കന്നുകാലികളെ തിരിച്ചറിയാനും അവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാനും അതിന്‍റെ വംശാവലി, പാല്‍ ഉല്‍പ്പാദനം തുടങ്ങിയവ തിരിച്ചറിഞ്ഞ് ജനിതക മാപ്പിംഗ് നടത്താനും ഇതിലൂടെ സാധിക്കും.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉച്ചകോടിയില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും സംസ്ഥാന മേധാവിയുമായ  കെ സി നരേന്ദ്രന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു. കെഎസ് യുഎം സിഇഒ അനൂപ് അംബിക, സി-ഡാക് സീനിയര്‍ ഡയറക്ടര്‍ രാജശ്രീ എസ് എന്നിവര്‍ സമീപം.

ഇന്നൊവേഷന്‍ ചലഞ്ചിന്‍റെകൂടുതല്‍ വിവരങ്ങള്‍ https://iotsummit.startupmission.in/innovation-challenge/ ലഭ്യമാകും. നവംബര്‍ 15 വരെ ആശയങ്ങള്‍ സ്വീകരിക്കും.

റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റും സ്റ്റേറ്റ് ഹെഡുമായ കെ.സി നരേന്ദ്രന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചതോടെ ആഗോളതലത്തില്‍ നടക്കുന്ന പുതിയ കണ്ടെത്തലുകള്‍ക്കും ഇന്ത്യയിലെ കണ്ടെത്തലുകള്‍ക്കും ഇടയിലുള്ള സാങ്കേതികവിദ്യാ മേഖലയിലെ വിടവ് കുറഞ്ഞിട്ടുണ്ടെന്ന് കെ.സി നരേന്ദ്രന്‍ പറഞ്ഞു. 5ജിയ്ക്ക് ഇന്ത്യയില്‍ ഇതിനകം തന്നെ ഒരു വലിയ വിപണിയുണ്ട്. 2023 അവസാനത്തോടെ ഇന്ത്യയിലെ മുഴുവന്‍ താലൂക്കുകളിലും ജിയോ 5ജി സേവനങ്ങള്‍ ലഭ്യമാകും. കേരളത്തിലെ 70 ശതമാനം ആളുകളും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും അടുത്ത ഫെബ്രുവരിയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ 5ജി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും നവീനമായ ഇന്നൊവേഷന്‍  ചലഞ്ച് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മൃഗസംരംക്ഷണ മേഖലയില്‍ ഒട്ടേറെ ഗുണകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഐഒടി അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ സാധ്യതകളുള്ള ഐഒടിക്ക് നിലവിലെ നമ്മുടെ പ്രവര്‍ത്തന രീതിയെ മാറ്റാന്‍ കഴിയും. നിലവില്‍ ധാരാളം അറിവുനേടുന്ന യുവജനങ്ങള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പോയി ജോലി ചെയ്യാനാണ് ആഗ്രഹം. എന്നാല്‍ നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്കായി യുവജനങ്ങള്‍ അനുഭവവും അറിവും തിരികെ കൊണ്ടുവരണമെന്ന്  ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് പോയ ആളുകള്‍ക്ക് തിരിച്ചുവരാനും രാജ്യത്ത് സ്ഥിരതാമസമാക്കാനുമാകുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ആവേശകരമായ ആശയങ്ങള്‍ കൊണ്ടുവരാനും വിദഗ്ധരുടെ അഭിപ്രായം കേട്ട് അവ ഏകീകരിക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ക്ക് കഴിയണം. അതിനായി അടിസ്ഥാന സൗകര്യങ്ങള്‍, ഗ്രാന്‍റുകള്‍, ഫണ്ടുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎസ് യുഎമ്മിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സി-ഡാക് സീനിയര്‍ ഡയറക്ടര്‍ രാജശ്രീ. എസും ചടങ്ങില്‍ പങ്കെടുത്തു.

മൃഗസംരക്ഷണ-കായിക യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഡെപ്യൂട്ടി ഐടി സെക്രട്ടറി സ്നേഹില്‍ സിങ്, ഐസിടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ്, കെഎസ്ഐടിഐഎല്‍ എംഡി സന്തോഷ് ബാബു, ടെറാബ്ലൂ എക്സ് റ്റി സ്ഥാപകയും സിഇഒയുമായ രാജ്ലക്ഷ്മി ബോര്‍ത്താക്കൂര്‍,  നാപിനോ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ബിസിനസ് ഹെഡ് വിനയ് സോളങ്കി,  കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ഡയറക്ടര്‍ ഡോ. വിനോദ് ജെ നായര്‍ തുടങ്ങിയവര്‍ ഏകദിന പരിപാടിയുടെ വിവിധ പാനല്‍ സെഷനുകളില്‍ പങ്കെടുത്തു.

മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍, അനുബന്ധ മേഖലകള്‍ എന്നിവയിലെ നൂതനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം) കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവുമായുള്ള (കെഎംടിസി) ധാരണാപത്രവും ഐഒടി ഉച്ചകോടിയില്‍ ഒപ്പുവച്ചു.  കെഎസ് യുഎം സിഇഒ അനൂപ് അംബികയും കെഎംടിസി സ്പെഷ്യല്‍ ഓഫീസര്‍ പത്മകുമാര്‍ സി യുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഒടി സംരംഭക ഉച്ചകോടി സംഘടിപ്പിച്ചത്. ഐടിയ്ക്കു പുറമേ ആരോഗ്യ, കാര്‍ഷിക, ഓട്ടോമൊബൈല്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള സംരംഭങ്ങളെ ഈ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയില്‍ 200 ലേറെ പ്രമുഖ സംരംഭകര്‍, ഇന്നവേറ്റേഴ്സ്, നിക്ഷേപകര്‍, ഭരണരംഗത്തെ പ്രമുഖര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ഐഒടി മേഖലയിലെ വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തുകയും സ്റ്റാര്‍ട്ടപ്പ് പ്രൊമോട്ടര്‍മാരുമായി സംവദിക്കുകയും ചെയ്തു. 15 ഓളം സ്റ്റാര്‍ട്ടപ്പുകളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്സ്പോയും ഉച്ചകോടിയുടെ ഭാഗമായി നടന്നു.

You might also like
Leave A Reply

Your email address will not be published.