143 വര്‍ഷം പഴക്കമുള്ള തൂക്കുപാലമാണ് തകര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നവീകരണത്തിനു ശേഷം ഗുജറാത്തി പുതുവത്സര ദിനമായ ഒക്ടോബര്‍ 26 നാണ് പാലം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ഗുജറാത്ത് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
230 മീറ്റര്‍ നീളമുള്ള മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലത്തിന് വലിയൊരു ചരിത്രം തന്നെയുണ്ട്. അതേക്കുറിച്ച് കൂടുതലറിയാം.
143 വര്‍ഷം പഴക്കമുള്ള വിനോദ സഞ്ചാര കേന്ദ്രം
ഗുജറാത്തിലെ മോര്‍ബി നഗരത്തിലുള്ള മാച്ചു നദിയില്‍ സ്ഥിതി ചെയ്യുന്ന 230 മീറ്റര്‍ നീളമുള്ള തൂക്കുപാലം ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ ഈ പാലം കാണാന്‍ എത്താറുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ഗംഗയിലുള്ള രാമന്‍ ജൂല, ലക്ഷ്മണ്‍ ജൂല പാലങ്ങള്‍ക്കു സമാന്തരമായാണ് ഈ പാലവും നിര്‍മിച്ചിരിക്കുന്നത്. 143 വര്‍ഷം മുമ്ബ് മോര്‍ബിയുടെ മുന്‍ ഭരണാധികാരി സര്‍ വാഗ്ജി താക്കൂര്‍ നിര്‍മിച്ചതാണ് ഈ പാലമെന്ന് ചരിത്ര രേഖകള്‍ പറയുന്നു. കൊളോണിയല്‍ സ്വാധീനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നിര്‍മാണം. ദര്‍ബര്‍ഗഡ് കൊട്ടാരത്തെ നസര്‍ബാഗ് കൊട്ടാരവുമായി (അന്നത്തെ രാജകൊട്ടാരങ്ങള്‍) ബന്ധിപ്പിക്കുന്നതിനാണ് പാലം നിര്‍മിച്ചത്.