വെള്ളിയാഴ്ച 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 184.50 ദിര്‍ഹമാണ് നിരക്ക്.വ്യാഴാഴ്ച വൈകീട്ട് 185.75 ദിര്‍ഹമായിരുന്നു. വിലക്കുറവിനൊപ്പം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി യു.എ.ഇയിലെ ഏതാണ്ടെല്ലാ ജ്വല്ലറികളും വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നത്. വില കുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ദീപാവലി അടുത്തതോടെ ഇന്ത്യന്‍ പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതലായി എത്തിച്ചേരുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുറയുകയാണ്. ഇന്ന് ഔണ്‍സിന് 1619 ഡോളറാണ് വില. കഴിഞ്ഞ ദിവസം ഔണ്‍സിന് 1644 ഡോളറായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ അന്താരാഷ്ട്ര വിപണിയിലെ വില ഔണ്‍സിന് 1610 ഡോളര്‍ എന്ന നിലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.വില കുറയുമ്ബോള്‍ സാധാരണ സ്വര്‍ണ വില്പനയില് വര്‍ധനയുണ്ടാകാറുണ്ട്. ആഘോഷ സീസണുകളിലും വില്പനയില് അപ്രതീക്ഷിതമായ മുന്നേറ്റം കാണിക്കാറുള്ളതാണ്. ഈ ആഴ്ചയില്‍ വിലക്കുറവും ദീപാവലി ആഘോഷവും ഒന്നിച്ചെത്തിയതാണ് തിരക്കിന് കാരണമായത്. ഫെബ്രുവരിയില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സഹകരണ കരാറിനെ തുടര്‍ന്ന് 5 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയത് സ്വര്‍ണ വ്യാപാര മേഖലക്ക് വലിയ ഉണര്‍വ് പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുറവും വിപണിയെ സജീവമാക്കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ ധാരാളമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ യു.എ.ഇയെ തിരഞ്ഞെടുക്കുന്നുണ്ട്. വിസിറ്റ് വിസയില്‍ വന്നു മടങ്ങുന്നവര്‍ പോലും നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായും മറ്റും സ്വര്‍ണം കരുതാറുണ്ട്. വിലക്കുറവുകൂടി എത്തിയതോടെ പ്രവാസികള്‍ കൂടുതലായി സ്വര്‍ണം വാങ്ങാനെത്തുന്നതായി കച്ചവടക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. യു.എസ് ഡോളര്‍ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ശക്തമായതാണ് സ്വര്‍ണ വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. വിലക്കുറവ് കുറച്ചു ദിവസങ്ങള്‍കൂടി തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.