തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ സത്യസന്ധതയും, അഴിമതി ദേശസുരക്ഷയെ ബാധിക്കുമെന്ന തിരിച്ചറിവും ഉണ്ടായിരിക്കണമെന്ന് റിട്ട ഡിജിപി എ.ഹേമചന്ദ്രന്‍ പറഞ്ഞു. വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഏതു പ്രവര്‍ത്തനവും ദേശവിരുദ്ധമാണെന്നും നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഇന്ത്യ’ എന്ന പ്രമേയത്തില്‍ നടക്കുന്ന വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) പ്രഭാഷണം നടത്തുകയായിരുന്നു മുന്‍ ഡിജിപി.
ആളുകള്‍ പലപ്പോഴും അഴിമതിയെ നിസ്സാരമായിട്ടാണ് കാണുന്നത്. ജോലിചെയ്യുന്ന അന്തരീക്ഷവും വ്യക്തികളുടെ ദൗര്‍ബല്യവും അഴിമതിയിലേക്ക് നയിക്കും. സത്യസന്ധമായി ജോലിചെയ്യുക എന്നത് പ്രധാനമാണ്. സുതാര്യമായ സംവിധാനവും ശരിയായ നടപടിക്രമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അത്യന്താപേക്ഷിതമാണ്. അഴിമതി രണ്ട് വിധത്തിലുണ്ട്. അഴിമതി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നതാണ് ഒന്ന്. അതല്ലാതെ കൂട്ടായി ചെയ്യുന്ന അഴിമതികളുണ്ട്. ഇത് രണ്ടും സര്‍വ്വസാധാരണമാണ്. നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. സ്വന്തം പണം ചെലവഴിക്കുന്നതു പോലെയുള്ള ജാഗ്രത പൊതുപണം ചെലവഴിക്കുന്നതിലും കാണിക്കണം.
വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്‍റെ വിഷയം ഉചിതമാണെന്ന് അഭിപ്രായപ്പെട്ട ഹേമചന്ദ്രന്‍, അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആര്‍ജിസിബിക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. ഗവേഷകര്‍ക്ക് കഴിവുകള്‍ വര്‍ധിപ്പിക്കാനും സ്വന്തം മേഖലയ്ക്ക് വലിയ സംഭാവന നല്‍കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
വിജിലന്‍സ് വാരാചരണവുമായി ബന്ധപ്പെട്ട് ആര്‍ജിസിബി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഹേമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ശാസ്ത്രമേഖല അഴിമതിരഹിതമാകുകയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുകയും ചെയ്യുന്നത് പ്രധാനമാണെന്നും ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ പറഞ്ഞു.
ആര്‍ജിസിബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. എസ്. ആശ നായര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ആര്‍ജിസിബി സെക്യൂരിറ്റി ആന്‍ഡ് വിജിലന്‍സ് സീനിയര്‍ മാനേജര്‍ നന്ദകുമാര്‍ നായര്‍ നന്ദി പറഞ്ഞു.