ഇന്ന് മുതല്‍ നവംബര്‍ ഏഴു വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. തുലാവര്‍ഷത്തിനൊപ്പം തമിഴ്‌നാടിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി കൂടി എത്തുന്നതാണ് മഴ ശക്തമാകാന്‍ കാരണം.മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാദ്ധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാദ്ധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യമുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനും കെ എസ് ഇ ബി, ഇറിഗേഷന്‍, കെ ഡബ്യൂ എ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.
03-11-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം.
04-11-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
05-11-2022:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്.
06-11-2022:പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
07-11-2022: ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്.