ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടല്‍ ഉടമയ്ക്ക് 15,000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍.ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി കണ്ണൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത മലപ്പുറം മക്കരപറമ്ബ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബര്‍ 12 ലേക്കായി നവംബര്‍ മാസത്തിലാണ് 637 രൂപ അടച്ച് അരുണ്‍ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടല്‍ ഉറപ്പുനല്‍കിയിരുന്നു.ഡിസംബര്‍ 12ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കില്‍ മുറി അനുവദിക്കാനാവില്ലെന്നും 1,300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നല്‍കിയാല്‍ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഈ തുക പരാതിക്കാരന്‍ നല്‍കി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സൗകര്യം നിഷേധിച്ചതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അരുണ്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആവശ്യം അനുവദിച്ചു കൊണ്ട് ഹോട്ടല്‍ ഉടമ ഈടാക്കിയ വാടകയും ബ്രേക്ക്ഫാസ്റ്റിന്റെ വിലയും ചേര്‍ന്ന 1,380 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 5,000 രൂപയും പരാതിക്കാരന് നല്‍കാന്‍ വിധിയായി.ഉത്തരവ് കൈപ്പറി ഒരുമാസത്തിനകം പണം നല്‍കാത്ത പക്ഷം ഹര്‍ജി തിയതി മുതല്‍ ഒമ്ബത് ശതമാനം പലിശയും നല്‍കണമെന്ന് കെര്‍.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.