നെയ്മർ ഇല്ലാത്ത ബ്രസീലിയൻ ടീം എങ്ങനെയാണെന്ന് കഴിഞ്ഞ ദിവസത്തെ കളിയിലൂടെ നമ്മള്‍ കണ്ടതാണ്. സ്വിസര്‍ലന്റിനെ 1-0ന് പരാജയപ്പെടുത്തിയെങ്കിലും ഒരു ഫിനിഷറുടെ കുറവ് ബ്രസീലിനെ വേട്ടയാടുന്നുണ്ട്. നിലവിലെ കനാറിപ്പടയുടെ അത്മാവാണ് നെയ്മർ. കണങ്കാലിനേറ്റ പരിക്ക് മൂലം അവസാന മത്സരത്തിന് ഇറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.നവംബർ 25ന് ബ്രസീൽ- സെര്‍ബിയ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. അന്ന് 2-0ന് കനാറികൾ സെർബിയയെ പരാജയപ്പെടുത്തിയിരുന്നു. പക്ഷ ആ മത്സരത്തിനിടെ ഉണ്ടായ പരിക്കാണ് ബ്രസീല്‍ ടീമിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇനി എന്ന് നെയ്മർ ടീമിന്റെ ഭാഗമാകുമെന്ന് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. എങ്കിലും എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സെർബിയക്കെതിരായ മത്സരത്തിന് ശേഷം വലതുകാൽ നീര് വച്ചിരിക്കുന്ന ചിത്രം താരം പുറത്ത് വിട്ടിരുന്നു. ഇതാണ് ആരാധകരെ കൂടുതൽ സങ്കടത്തിലാക്കിയിരിക്കുന്നത്. അദ്യ മത്സരത്തില്‍ നമ്മൾ കണ്ടതാണ് നെയ്മർ എന്ന താരത്തെ ഭയക്കുന്ന എതിരാളികളെ. ഈ ലോകകപ്പ് മത്സരം വിലയിരുത്തിയാൽ എറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം നെയ്മറാണ്. എതിരാളികൾ എത്രത്തോളം അദ്ദേഹത്തെ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. നെയ്മറുടെ ട്രിബ്ലിങ്ങിലുള്ള കഴിവ് തന്നെയാണ് അതിന് കാരണം. എതിരാളികളെ ആശയക്കുഴപ്പത്തിലാക്കി ബോളുമായി മുന്നോട്ട് കുതിക്കാനുള്ള ആ മികവിനെയാണ് ഒരോ എതിര്‍ ടീമും ഭയക്കുന്നത്.കഴിഞ്ഞ ലോകകപ്പ് മത്സരത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കളത്തിൽ നിന്നും പിന്മാറേണ്ടി വന്ന നെയ്മറുടെ മുഖം ഒരു ഫുട്ബോൾ ആരാധകനും മറക്കാൻ കഴിയില്ല. അന്ന് അദ്ദേഹം വേദന കൊണ്ട് മൈതാനത്ത് കിടന്ന് പുളയുന്നത് ഒരോ ബ്രസീലിയൻ ആരാധകനും കണ്ണീരോടെയാണ് ഓർക്കുക. നെയ്മർ ഇല്ലാതെ അന്ന് ജർമ്മനിക്കെതിരെ പോരാടാൻ ഇറങ്ങിയ ബ്രസീലിന് ദയനീയ പരാജയമായിരുന്നു വിധി. എന്നാൽ ഇന്ന് ആ ടീം അല്ല. മാറ്റങ്ങൾ ഉണ്ട്. നെയ്മർ ഇല്ലാതെ കഴിഞ്ഞ കളിക്കിറങ്ങിയ ബ്രസീൽ വിജയികളായി.