ഫോക്കസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ട് കത്താറയില്‍ അനാഛാദനം ചെയ്തു
ദോഹ: ഫോക്കസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ട് കത്താറയില്‍ അനാഛാദനം ചെയ്തു. കതാറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ചാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ബൂട്ട് അനാഛാദന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, കതാറ പബ്ലിക് ഡിപ്ലോമസി സി ഇ ഒ ദാര്‍വിഷ് അഹ്മദ് അല്‍ ഷെബാനി, ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, ഐ സി സി വൈസ് പ്രസിഡന്റ്‌സുബ്രമണ്യ ഹെബ്ബഗേലു, വിനോദ് വി നായര്‍, ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയവീട്ടില്‍, സി എഫ് ഒ മുഹമ്മദ് റിയാസ്, ഇവന്റ്സ് ഡയറക്ടര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ റീജിയണല്‍ സി ഇ ഒ ഹാരിസ് പി ടി, എ പി മണികണ്ഠന്‍, വി സി മശ്ഹൂദ് തുടങ്ങിയവര്‍ പങ്കെടുത്തു.ഖത്തര്‍ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് ബിഗ് ബൂട്ട് അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരം 1948ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ നടന്നപ്പോള്‍ ചില കളിക്കാര്‍ ബൂട്ട് ഉപയോഗിക്കാതിരുന്നതിന്റെയും ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരത്തിന്റേയും ഓര്‍മയായി കൂടിയാണ് ബിഗ് ബൂട്ട് അവതരിപ്പിക്കുന്നതെന്നും ഡോ. ദീപക് മിത്തല്‍ പറഞ്ഞു.ബിഗ് ബൂട്ട് അനാഛാദന ചടങ്ങിനു മുന്നോടിയായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയും ക്യുറേറ്ററുമായ ആര്‍ട്ടിസ്റ്റ് എം ദിലീഫ് ആണ് ബൂട്ട് നിര്‍മ്മിച്ചത്. ലെതര്‍, ഫൈബര്‍, റെക്സിന്‍, ഫോം ഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവയില്‍ നിര്‍മ്മിച്ച ബിഗ് ബൂട്ടിനു പതിനേഴ് അടി നീളവും ഏഴ് അടി ഉയരവുമുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച ബൂട്ടിന്റെ ഡിസൈന്‍ ജോലികള്‍ ഖത്തറിലാണ് പൂര്‍ത്തിയാക്കിയത്.