തിരുവനന്തപുരം: ലഹരിവിമുക്ത ബാല്യം കെട്ടിപ്പടുക്കുന്നതില്‍ അമ്മമാരുടെ പങ്ക് പ്രധാനപ്പെട്ടതെന്ന് ആഗോള വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലഹരിവിമുക്ത ബാല്യത്തിന് മാതാപിതാക്കളുടെ സമാധാനപരവും ആരോഗ്യകരവുമായ ഇടപെടലും അത്യന്താപേക്ഷിതമാണ്. ലഹരിവസ്തു വിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ മാതാപിതാക്കളുടേയും അധ്യാപകരുടേയും നേരത്തേയുള്ള ഇടപെടല്‍ സഹായകമാകുമെന്നും അവര്‍ പറഞ്ഞു. ലഹരിവിമുക്ത ബാല്യം എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ ഭാഗമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തകരെന്ന നിലയില്‍ അമ്മമാരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നു ആസ്ട്രിയയിലെ വിമണ്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് സ്ഥാപക ഡോ. എഡിറ്റ് ഷ്ലാഫര്‍ പറഞ്ഞു. അമ്മമാര്‍ക്ക് ലഹരിവിരുദ്ധ അവബോധവും വിദ്യാഭ്യാസവും നല്കുന്നതിലൂടെ യുവജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഭാവി പ്രവര്‍ത്തന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കും. അമ്മമാര്‍ക്കാണ് കുട്ടികളുമായി അധികം സംവദിക്കാനാകുക. കുടുംബങ്ങളില്‍ തുടങ്ങുന്ന ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശികവും പ്രായോഗികവുമായ ലഹരി നിയന്ത്രണം സാധ്യമാകും.
കുട്ടികളുടെ ജീവിക്കാനുള്ള അവകാശം, ആരോഗ്യം, വിദ്യാഭ്യാസം, തുല്യത തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ക്കൊപ്പം ലഹരി രഹിത ബാല്യത്തിനുള്ള അവകാശം ഉറപ്പാക്കാന്‍ സമൂഹത്തിനു കഴിയണമെന്ന് എയിംസിലെ നാഷണല്‍ ഡ്രഗ് ഡിപന്‍ഡന്‍സ് ട്രീറ്റ്മെന്‍റ് സെന്‍റര്‍ പ്രൊഫസര്‍ ഡോ. അതുല്‍ അംബേക്കര്‍ പറഞ്ഞു. ഒരു ലഹരിവസ്തു നിയമപരമായി ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ട് അത് ലഹരിയല്ല എന്നുള്ള സന്ദേശം സമൂഹത്തിന് ലഭിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ ഏറ്റവുമധികം മദ്യപാനികളും പുകയില ഉല്പന്നങ്ങളുടെ ഉപഭോക്താക്കളുമായ ഉഗാണ്ടയിലെ ജനങ്ങളെ ബോധവല്ക്കരിക്കാന്‍ അവിടുള്ള കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്ന് ഉഗാണ്ട യൂത്ത് ഡെവലപ്മെന്‍റ് ലിങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോജേഴ്സ് കാസിരെ പറഞ്ഞു. കുട്ടികളെ ഉള്‍പ്പെടുത്തി സമപ്രായക്കാര്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ബോധവല്ക്കരണം നടത്തുന്നത് മയക്കുമരുന്ന് ദുരുപയോഗം കുറയ്ക്കുന്നതിന് സഹായിക്കും. യുവാക്കളുടെ മാനസിക,സാമൂഹിക,സാമ്പത്തിക ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിയുടെ ആദ്യകാല അനുഭവങ്ങള്‍ മസ്തിഷ്കത്തിന്‍റെ ഗുണനിലവാരത്തേയും സ്വാഭാവരീതികളേയും ബാധിക്കുമെന്നു യു.എസ്.എ യിലെ ഡെന്‍വര്‍ മെട്രോപൊളിറ്റന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ എമറിറ്റസ് ഹാര്‍വി മില്‍ക്ക്മാന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കുട്ടികളെ ലഹരിയില്‍ നിന്ന് മാറ്റിനിര്‍ത്തുക പ്രാധാന്യമര്‍ഹിക്കുന്നു. ലഹരിയ്ക്ക് അടിമയായ മുതിര്‍ന്ന ഒരാളില്‍ മാറ്റം വരുത്തുന്നതിനേക്കാള്‍ നല്ലത് കുട്ടികളെ ലഹരിയില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ ലഹരിമുക്ത ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ 40 ശതമാനം മുതല്‍ 60 ശതമാനം പേരും ഒരു മാസത്തിനുള്ളില്‍ വീണ്ടും ലഹരിയ്ക്ക് അടിമപ്പെടുന്നുണ്ടെന്ന് ജോര്‍ദാന്‍ ആന്‍റി ഡ്രഗ്സ് സൊസൈറ്റി ഡയറക്ടര്‍ മൗസ ദാവൂദ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 85 ശതമാനം പേരാണ് വീണ്ടും ലഹരിയിലേക്ക് തിരിച്ചു വരുന്നത്. അവരുടെ മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ഒഡിസി, ഡബ്ല്യുഎഫ്എഡി എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലഹരിവിമുക്തമായ ലോകം കെട്ടിപ്പടുക്കുന്നതിനായുള്ള ഫൗണ്ടേഷന്‍റെ ‘വേണ്ട’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം ‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്നതാണ്.