അര്‍ജന്റീന ടീമില്‍ അംഗമായ സൂപ്പര്‍ താരത്തെ ഈ ലോകകപ്പിലെ ഒരു മത്സരത്തിലും പകരക്കാരനായി പോലും കോച്ച് ലയണല്‍ സ്കലോണി ഇതുവരെ കളത്തിലിറക്കിയിട്ടില്ല. ടീമില്‍ പലരും പരിക്കിന്റെ പിടിയിലായിട്ടും സ്ട്രൈക്കര്‍ ലൗതാറോ മാര്‍ട്ടിനെസ് ഫോമില്ലാതെ പുറത്തിരുന്നിട്ടും ഡിബാലയെ പരീക്ഷിക്കാന്‍ സ്കലോണി മുതിര്‍ന്നിട്ടില്ല. എന്താണ് കാരണം?മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഡിബാലയും ഏറക്കുറെ ഒരേ പൊസിഷനിലാണ് കളിക്കുന്നതെന്നാണ് അതിനുള്ള ഉത്തരം. മെസ്സിയെ പിന്‍വലിച്ചുവേണം കോച്ചിന് ഡിബാലയെ കളത്തിലിറക്കാന്‍. മെസ്സി കളത്തിലിരിക്കേ, മറ്റൊരു പൊസിഷനില്‍ ഡിബാലയെ പരീക്ഷിച്ചാല്‍ താരത്തിന്റെ സ്വതസിദ്ധമായ ഗെയിമിന് അനുയോജ്യമായിരിക്കില്ല. ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളൊന്നുമല്ല, ഡിബാലയെ കരക്കിരുത്തുന്നതിന് പിന്നിലെന്നും സ്കലോണി വിശദീകരിച്ചു.”അവന്‍ പുറത്തിരിക്കുന്നത് തന്ത്രപരമായ തീരുമാനങ്ങളുടെ ഭാഗമായാണ്. പൗളോ ആരോഗ്യവാനാണ്. ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ല. ടീമിനെ അവന്‍ പുറത്തുനിന്ന് പിന്തുണക്കുന്നുണ്ട്.തീര്‍ച്ചയായും, കളത്തിലിറങ്ങാന്‍ അവന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്” -സ്കലോണി പറഞ്ഞു. 29കാരനായ ഡിബാല 34 മത്സരങ്ങളിലാണ് ഇതുവരെ അര്‍ജന്റീനക്കുവേണ്ടി കളത്തിലിറങ്ങിയത്.ഇതിലേറെയും പകരക്കാരന്റെ റോളായിരുന്നു.2015ലാണ് ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. അര്‍ജന്റീനക്കുവേണ്ടി പൗളോ നേടിയ മൂന്നു ഗോളുകളില്‍ അവസാനത്തേത് ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ഫൈനലിസ്സിമയില്‍ ഇറ്റലിയെ 3-0ത്തിന് തകര്‍ത്ത മത്സരത്തിലായിരുന്നു.