അത് മെസ്സി എന്നാണ്. ഇത്രകാലവും മെസ്സിയെ എല്ലാവരും സംശയിച്ചിരുന്നത് മെസ്സിക്ക് സ്വന്തമായി ഒരു ലോകകപ്പ് ഇല്ല എന്നത് കൊണ്ടായിരുന്നു. നേരത്തെ അന്താരാഷ്ട്ര കിരീടം ഇല്ല എന്നായിരുന്നു. മെസ്സി കോപ അമേരിക്ക കിരീടം നേടിയപ്പോള്‍ മുതലാണ് ലോകകപ്പ് ഇല്ല എന്ന വിമര്‍ശനത്തിലേക്ക് എത്തിയത്.എന്നാല്‍ ഇനി ഒന്നും ആര്‍ക്കും പറയാന്‍ ആകില്ല. ഇന്ന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലയണല്‍ മെസ്സിയും അര്‍ജന്റീനയും ലോക കിരീടം ഉയര്‍ത്തിയതോടെ മെസ്സിക്ക് ഇനി ഈ ലോകത്ത് നേടാന്‍ ഒരു കിരീടവും ബാക്കി ഇല്ലാതായി. ക്ലബ് ഫുട്ബോളിലെ എല്ലാ കിരീടവും നേടുയ മെസ്സി ഇപ്പോള്‍ തന്റെ രാജ്യത്തിനായും തനിക്ക് നേടാന്‍ ആകുന്ന എല്ലാ കിരീടങ്ങളും നേടി കഴിഞ്ഞു.2014ല്‍ തനിക്ക് നഷ്ടപ്പെട്ട ആ സുവര്‍ണ്ണ കിരീടത്തിലേക്ക് ഇത്തവണ മെസ്സി തന്നെയാണ് അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ചത്. ഗോളുകളും അസിസ്റ്റുകളുമായി മെസ്സി ഖത്തറില്‍ ഒരു നായകനായി തന്നെ മാറി. ഏഴ് ഗോളുകളുമായി മെസ്സി ഇതിഹാസം രചിക്കുന്നത് കാണാന്‍ ഏവര്‍ക്കും ആയി.ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യോട് ഏറ്റ ഞെട്ടിക്കുന്ന പരാജയം പലരും അര്‍ജന്റീനയെ എഴുതി തള്ളാന്‍ കാരണം ആയെങ്കില്‍ മെസ്സി അന്ന് ആ മത്സര ശേഷം ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയാണ് ചെയ്തത്. തങ്ങളുടെ ആരാധകരെ ഇനി തങ്ങള്‍ നിരാശപ്പെടുത്തില്ല എന്ന ഉറപ്പ്. ആദ്യ മത്സരത്തിനു ശേഷം നടന്ന ഇന്നത്തെ ഫൈനല്‍ ഉള്‍പ്പെടെ എല്ലാ മത്സരങ്ങളും അര്‍ജന്റീനക്ക് ഫൈനല്‍ ആയിരുന്നു. ആ ഫൈനലുകള്‍ എല്ലാം ജയിക്കാനും അര്‍ജന്റീനക്കായത് മെസ്സിയുടെ മികവില്‍ ആയിരുന്നു. എല്ലാ റൗണ്ടിലും മെസ്സിയുടെ സംഭാവനകള്‍ ഉണ്ടായി. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും ഗോള്‍ നേടുന്ന ആദ്യ താരമായി മെസ്സി മാറുന്നതും ഖത്തറില്‍ കാണാന്‍ ആയി.