പകലുറങ്ങുന്നവർ അറിഞ്ഞിരിക്കണം

0

പകല്‍ അല്‍പസമയം കിടന്നുറങ്ങുന്നത് ശീലങ്ങളുടെ ഭാഗമാക്കിയവരുണ്ട്. പ്രത്യേകിച്ച്‌ ഉച്ചഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങുന്നത്.ഇത് കഴിച്ച ഭക്ഷണത്തിന് ദഹനം കിട്ടാനും നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ അല്‍പസമയം മയങ്ങുന്നത് സത്യത്തില്‍ ശരീരത്തിന് നല്ലത് തന്നെയാണ്.ദഹനം സുഗമമാക്കാന്‍ മാത്രമല്ല, പകല്‍ നേരത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനും ഉന്മേഷം വീണ്ടെടുക്കാനും ഒരുപാട് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിരസതയോ ഊര്‍ജ്ജക്കുറവോ മറികടക്കാനും അല്‍പനേരം മയങ്ങുന്നവരുണ്ട്. ഇതിലും അപാകതകളൊന്നുമില്ല.എന്നാല്‍ രാത്രിയില്‍ നേരാംവണ്ണം ഉറങ്ങാതെ ഈ ഉറക്കം പകല്‍ കിട്ടാന്‍ ശ്രമിക്കുന്നവരുണ്ട്. ഇടവിട്ട് പകല്‍സമയങ്ങളില്‍ മണിക്കൂറുകള്‍ ഉറങ്ങുന്നവര്‍. അത്തരക്കാരില്‍ ഈ ശീലം ബിപി (രക്തസമ്മര്‍ദ്ദം), പക്ഷാഘാതം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്.ചൈനയിലെ ഹ്യുനാനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് കീഴിലുള്ള ‘ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേരെ വച്ചാണത്രേ ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ പകല്‍സമയത്ത് കൂടുതല്‍ ഉറങ്ങുന്നവരില്‍ ബിപി, പക്ഷാഘാതം എന്നിവയുടെ സാധ്യത കൂടുതലായി കണ്ടെത്തുകയായിരുന്നു.രാത്രിയില്‍ ദീര്‍ഘവും ആഴത്തിലുള്ളതുമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പകല്‍സമയത്തെ എല്ലാവിധത്തിലുള്ള ജോലികളെയും പ്രവര്‍ത്തനങ്ങളെയും മോശമായി ബാധിക്കാം. എന്നാലിത് ഒരിക്കലും പകല്‍സമയത്ത് ഉറങ്ങിത്തീര്‍ക്കാമെന്നും കരുതരുത്. രാത്രിയിലെ ഉറക്കം ശരീരത്ത സ്വാധീനിക്കുന്നത് പോലെയല്ല, പകല്‍സമയത്തെ ഉറക്കം ശരീരത്തെ ബാധിക്കുക.നേരത്തെ മറ്റ് പല പഠനങ്ങളും സമാനമായ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതായത് പകല്‍സമയത്ത് കൂടുതല്‍ ഉറങ്ങുന്നവരില്‍ വിഷാദം, അമിതവണ്ണം, ജോലിയില്‍ ശ്രദ്ധക്കുറവ്, ക്രിയാത്മകമായ കാര്യങ്ങളില്‍ കുറവ്, ഓര്‍മ്മശക്തി കുറവ്, ശാരീരിക ക്ഷമത കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും കാണാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.’യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസി’ല്‍ അവതരിപ്പിക്കപ്പെട്ട ഒരു പഠനം പറയുന്നത് പ്രകാരം പകല്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കാര്യമായി കാണാം. മറ്റുള്ളവരെ അപേക്ഷിച്ച്‌ 34% അധികസാധ്യതയാണ് ഇവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാണുന്നതെന്ന് പഠനം പറയുന്നു.സാധാരണഗതിയില്‍ മുപ്പത് മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് പകലുറക്കത്തിന് അനുയോജ്യമായ സമയം. ഇതില്‍ കൂടുതലാകുമ്പോള്‍ അത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്താനാണ് സാധ്യതകളെന്നാണ് ഈ പഠനങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്.

You might also like
Leave A Reply

Your email address will not be published.