2022 ലെ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി വിഭാഗത്തില്‍ സുന്ദര്‍ പിച്ചൈയ്‌ക്ക് പത്മഭൂഷണ്‍ നല്‍കി ഇന്ത്യ ആദരിച്ചു.ഡിസംബര്‍ 2-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത്. ബഹുമതി സ്വീകരിച്ച ശേഷം പിച്ചൈ പറഞ്ഞ വാക്കുകള്‍ ലോകമൊട്ടാകെയുള്ള ഭാരതീയരുടെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യ തന്റെ ഭാഗമാണ്, താന്‍ എവിടെ പോയാലും അത് തന്റെ കൂടെ കൊണ്ടുപോകും എന്നാണ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി കൊണ്ട് സുന്ദര്‍ പിച്ചൈ പറഞ്ഞത്.’ഈ മഹത്തായ ബഹുമതിക്ക് ഞാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അങ്ങേയറ്റം നന്ദിയുള്ളവനാണ്. എന്നെ രൂപപ്പെടുത്തിയ രാജ്യം ഈ രീതിയില്‍ ആദരിക്കുന്നത് അവിശ്വസനീയമാംവിധം അഭിമാനം നല്‍കുന്നു. ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം. ഞാന്‍ എവിടെ പോയാലും ഇന്ത്യയെ ഒപ്പം കൊണ്ടുപോകുന്നു’ എന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് പത്മഭൂഷണ്‍ പുരസ്കാരം സുന്ദര്‍ പിച്ചൈയ്‌ക്ക് നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സുന്ദര്‍ പിച്ചൈ പ്രശംസിച്ചു. ‘പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാട് സാങ്കേതികവിദ്യയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതാണ്. സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഗൂഗിളും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ഡിജിറ്റല്‍ വിപ്ലവം ഗൂഗിള്‍ പൂര്‍ണമായി ഉപയോഗിക്കും’ എന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.