പെണ്‍മികവ് അംഗീകരിക്കപ്പെടണം

0

തിരുവനന്തപുരം: പലപ്പോഴും ഒന്നാമതെത്തിയിട്ടും സാങ്കേതിക, ബിസിനസ് രംഗങ്ങളില്‍ പെണ്‍മികവ് ഇനിയും പ്രതിഫലിച്ച് കാണുന്നില്ലെന്ന് ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍. മിടുക്കരായ പെണ്‍കുട്ടികള്‍ ഹാക്കത്തോണ്‍ പോലുള്ള പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വേദികളില്‍ വിജയികളാകുന്നുണ്ട്.

പുരുഷന്‍മാരോട് മത്സരിച്ച് പ്രതിഭ തെളിയിച്ചിട്ടും ബിസിനസ് രംഗത്ത് ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നയത്ര പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് യാതാര്‍ഥ്യമെന്ന് അവസരശാല സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകനായ എസ്. സന്ദീപ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമേഖലകളില്‍ പുത്തന്‍ അവസരങ്ങള്‍ തുറന്നുനല്‍കുന്നതിനും മികവുറ്റ വഴികാട്ടികളെ കണ്ടെത്തുന്നതിനും സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് അവസരശാല. ഭാര്യ അശ്വതി വേണുഗോപാലുമായി ചേര്‍ന്നാണ് സന്ദീപ്  അവസരശാല ആരംഭിച്ചത്.

നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന മത്സരങ്ങളില്‍ ഭൂരിഭാഗം സമ്മാനങ്ങളും പെണ്‍കുട്ടികളാണ് കരസ്ഥമാക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ബിസിനസ് രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിഫലിക്കുമെന്നാണ് അശ്വതിയുടെ അഭിപ്രായം. ദമ്പതികള്‍ ചേര്‍ന്ന് തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളും വെല്ലുവിളികളും കോണ്‍ക്ലേവില്‍ ചര്‍ച്ചയായി. ഭാര്യയും ഭര്‍ത്താവും ചേര്‍ന് സംരംഭം ആരംഭിച്ചാല്‍ കൂടുതല്‍ ഗുണകരമാകുമെന്ന പ്രതീക്ഷയാണ് പങ്കെടുത്തവര്‍ പങ്കുവച്ചത്.

A panel discussion on startup success stories. From left to right: moderator Sibi Sudhakaran, founder of Startup Middle East, Mabel Chacko and Anish Achuthan of Open Financial Technologies; Sandeep and Ashwathy Venugopal of Avasarshala and Jobin Jose and Jismi Jobin of Jobin & Jismi IT services

ഏറ്റവും വിശ്വസിക്കാവുന്ന പാര്‍ട്ണര്‍ ഭാര്യയാണ് എന്നതാണ് ജോബിന്‍ ആന്‍ഡ് ജിസ്മിയിലെ ജോബിന്‍റെ അഭിപ്രായം. ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നു ദമ്പതിമാരും ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണ് പങ്കുവച്ചത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഇരുവര്‍ക്കും മികവ് പ്രകടിപ്പിക്കാന്‍ പറ്റുന്ന മേഖലകളെക്കുറിച്ച് കൃത്യമായ അറിവുണ്ടാവുകയും ഇടപെടുന്ന മേഖലകള്‍ക്ക് അതിര് നിശ്ചയിക്കുയും വേണമെന്നും ജിസ്മി പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തിലെ ധനസമാഹരണ സമയത്ത് ദമ്പതികളുടെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും. കുടുംബ ബിസിനസില്‍ പണമിറക്കാന്‍ നിക്ഷേപകര്‍ ആശങ്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാമെന്നാണ് ഓപ്പണ്‍ ഫിനാന്‍സിലെ അനീഷ് അച്യുതന്‍റെ അഭിപ്രായം. സഹോദരനെയും ഭാര്യയെയും ഒപ്പം ചേര്‍ത്താണ് അനീഷ് ബിസിനസ് ആരംഭിക്കുന്നത്. എന്നാല്‍ തുടക്കത്തിലെ ആശങ്കകള്‍ മാറിക്കിട്ടിയാല്‍ ബിസിനസ് മികവിലേയ്ക്ക് എത്തുമെന്നും അനിഷ് അഭിപ്രായപ്പെട്ടു. കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിന്‍റെ ചര്‍ച്ചാ സെഷനില്‍ സിബി സുധാകരന്‍ മോഡറേറ്ററായി.

You might also like

Leave A Reply

Your email address will not be published.