പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അതിരാവിലെ തന്നെ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി
തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ സഹകരിച്ചതിന് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയറിയിച്ചു. എല്ലാ പൗരന്‍മാരും മറക്കാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായും അഹ്മദാബാദില്‍ രാവിലെ വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനായിരുന്നു.93സീറ്റുകളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 833 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 16 എണ്ണം അഹ്മദാബാദിലെ നാഗരിക മണ്ഡലങ്ങളാണ്. ബി.ജെ.പിക്ക് നിര്‍ണായകമായ സീറ്റുകളാണിവ. മൂന്നു ദശകത്തോളമായി ബി.ജെ.പിയുടെ കൈയടക്കി വെച്ചിരിക്കുകയാണ്.മുസ്‍ലിം ഭൂരിപക്ഷമുള്ള ജമല്‍പൂര്‍ ഖഡിയയില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം കോണ്‍ഗ്രസിന് തലവേദനയുയര്‍ത്തുന്നുണ്ട്. എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി സാബിര്‍ കബ്‍ലിവാലയാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ആണിദ്ദേഹം. 93സീറ്റിലേക്കും എ.എ.പിയും ബി.ജെ.പിയും മത്സരിക്കുന്നുണ്ട്.കോണ്‍ഗ്രസ് 90ഉം സഖ്യകക്ഷിയായ എന്‍.സി. പി രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും മത്സരിക്കുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ 2.51 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 5.96 ലക്ഷം വോട്ടര്‍മാര്‍ യുവാക്കളാണ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.