രാജ്യത്തെ ഭീതി വിഴുങ്ങുന്നു, മുൻ രാജ്യസഭാംഗം എം. വി. ശ്രേയാംസ് കുമാർ

0

ഫാസിസം ഭീതിജനമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നും രാജ്യത്താകെ നിറഞ്ഞു നിൽക്കുന്ന ഭയത്തിൽനിന്ന് മോചനം നേടാൻ യഥാർഥ നവോത്ഥാനം ആരംഭിക്കേണ്ട സമയമായെന്നും മുൻ രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ. രാജ്യമാകെ അപകടകരമായ സാമൂഹികാന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. പലതും ഉള്ളുതുറന്ന് സംസാരിക്കാനാവാത്ത സ്ഥിതിയാണ് രാജ്യമാകെ.

ഈ അവസ്ഥയിൽ സത്യം തുറന്നുപറയാൻ ധൈര്യമുള്ളവർ ഉണ്ടയായാൽ അപ്രകാരം ധൈര്യംകാണിക്കുന്നവരുടെ സ്ഥിതി അപകടകരമായിരിക്കും, അദ്ദേഹം പറഞ്ഞു. വക്കം മൗലവി സ്മാരക ഗവേഷണകേന്ദ്രം സംഘടിപ്പിച്ച വക്കം മൗലവിയുടെ 150-ാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേയാംസ്‌കുമാർ.“പത്രസ്വാതന്ത്ര്യം ഇന്ന് വലിയൊരു സമസ്യയാണ്. രാജ്യത്ത് എന്തുനടക്കുന്നുവെന്ന് ദേശീയമാധ്യമങ്ങളിലൂടെ അറിയാനാവില്ല.

വാർത്ത ഹിതകരമല്ലെങ്കിൽ സൈബർ പോരാളികളെ വിട്ട് വ്യക്തിപരമായി ആക്രമിക്കുന്നു. ഇന്നലെവരെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി യായിരുന്നുവെന്നും ഇനിമുതൽ വേറൊരാളാണെന്നുമാണ് ഒരു ഉപമുഖ്യമന്ത്രിയുടെ ഭാര്യ കഴിഞ്ഞദിവസം പറഞ്ഞത്. ഗാന്ധിജിയെ ആരും അടിച്ചേൽപ്പിച്ചതല്ല. അദ്ദേഹം നമ്മുടെ വികാരമാണ്,” ശ്രേയാംസ്‌കുമാർ പറഞ്ഞു. ലോകത്തിൽ തിരഞ്ഞെടുപ്പിലൂടെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽവന്ന നാടാണിത്. ജൻമിത്വവും അടിമത്തവും അവസാനിപ്പിച്ച ഒരുപ്രസ്ഥാനത്തിന് കരുത്തുപകർന്ന സംസ്ഥാനമാണ് കേരളം.

ഇവിടെ മറിച്ചൊരു സ്ഥിതി ഉണ്ടാകാൻ പാടുണ്ടോ? ഇവിടെയാണ് വക്കം മൗലവിയെയും ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും അയ്യങ്കാളിയെയുംപോലുള്ള നവോത്ഥാനനായകരുടെ പ്രസക്തി വർധിക്കുന്നത്. ‘സ്വദേശാഭിമാനി’യുടെ പ്രസാധകനായ വക്കം മൗലവി പത്രപ്രവർത്തകൻ മാത്രമായിരുന്നില്ല, തികഞ്ഞ സാമൂഹികപരിഷ്‌കർത്താവായിരുന്നു.”ശ്രേയാംസ്‌കുമാർ തുടർന്നു: “കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ പരിഷ്കരണത്തിന് വക്കം മൗലവിയുടെ സേവനം അനുപമമാണ്. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തിന്‍റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെട്ടു. ആ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ വളരെ പിന്നാക്കം നിന്നിരുന്ന മുസ്ലിംങ്ങളെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മൗലവി ഓര്‍മ്മിപ്പിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ അനിവാര്യതയും അദ്ദേഹം സമുദായത്തെ ബോധ്യപ്പെടുത്തി. സമുദായത്തില്‍ അന്ന് നിലനിന്ന അനാചാരങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തന്നെ വക്കം മൗലവി നടത്തി. മുസ്ലീംസമുദായത്തിന്‍റെ വിദ്യാഭ്യാസപരവും സാമുഹികവും സാമ്പത്തികവുമായ അന്നത്തെ പിന്നാക്കാവസ്ഥയാണ് വക്കം മൗലവിയെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിച്ചത്. പഠിച്ച് സ്വതന്ത്രരാവുക, സംഘടിച്ച് ശക്തരാവുക എന്നതായിരുന്നു മൗലവി സമുദായത്തിന് നല്‍കിയ സന്ദേശം. ഇതു തന്നെയായിരുന്നു നാരായണ ഗുരുവും സമൂഹത്തോട് ആഹ്വാനം ചെയ്തത്. ഗുരുവിനു മുന്‍പെ മറ്റൊരു സാമൂഹികക്രാന്തദര്‍ശിയായിരുന്ന ജ്യോതിബാ ഫൂലെയും വിദ്യാഭ്യാസത്തിന്‍റെയും, സ്ത്രീശാക്തീകരണത്തിന്‍റെ ആവശ്യകതയെപ്പറ്റിയും, 19-ാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയില്‍ ഊന്നല്‍ നല്‍കിയത് നമുക്കിവിടെ സ്മരിക്കാം.നൂറാംവർഷത്തിലേക്ക്‌ കടക്കുന്ന മാതൃഭൂമിക്ക് വക്കം മൗലവി സ്മാരക ഗവേഷണകേന്ദ്രം സമർപ്പിച്ച ശതാബ്ദി പുരസ്‌കാരം അദ്ദേഹം കേരളസർവകലാശാലാ മുൻ വൈസ് ചാൻസലർ മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാലിൽനിന്ന് ഏറ്റുവാങ്ങി.സ്വതന്ത്ര മാധ്യമപ്രവർത്തനം ഏറ്റവുംകൂടുതൽ വെല്ലുവിളി നേരിടുന്ന പ്രച്ഛന്നമായ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വക്കം മൗലവി സ്മാരകപ്രഭാഷണം നടത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. സ്വദേശാഭിമാനിയുടെ നാടുകടത്തൽ ഇന്നത്തെ അവസ്ഥയുമായി വെച്ചുനോക്കുമ്പോൾ നിസ്സാരമെന്നു തോന്നിയാൽ അതിശയിക്കേണ്ടതില്ല. ഇന്ന് പത്രപ്രവർത്തകർ കൊല്ലപ്പെടുന്നതും തടവറകളിൽ കഴിയുന്നതും ഭീതിജനകമായ സാഹചര്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ നിന്നുകൊണ്ട് നിർഭയം പ്രവർത്തിക്കാൻ എത്രപേർക്ക് കഴിയും. സത്യാനന്തര കാലഘട്ടത്തിലെ വാർത്തകൾക്കു അതുകൊണ്ടുതന്നെ പരിമിതികൾ ഉണ്ട്. എന്നാൽ എല്ലാപരിമിതികളെയും ഭേദിച്ചു സ്വതന്ത്ര പത്രപ്രവർത്തനം നടത്തിയ മഹാപ്രതിഭകളായിരുന്നു വക്കം മൗലവിയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയും. നിർഭാഗ്യകരമെന്നു പറയട്ടെ ഈ മഹാന്മാർ ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. മൗലവിയുടെ പാരമ്പര്യം അവകാശപ്പെടുന്നവർ തന്നെ അദ്ദേഹത്തെ ഉൾക്കൊള്ളുന്നില്ല. ഇസ്ലമിന്റെ മൗലിക മൂല്യങ്ങളെ മുറുകെപ്പിടിച്ച മൗലവി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നതിക്കും വേണ്ടി നിലകൊണ്ടിരുന്ന. ഇന്ന് യാഥാസ്ഥിക വിഭാഗങ്ങൾ പെൺകുട്ടികളെ വേദികളിൽ പോലും കയറ്റാൻ മടിക്കുന്നു. നവോത്ഥാനത്തിന്റെ പിൻ തലമുറക്കാർ അതിന്റെ തന്നെ നന്മകൾ ചോർത്തിക്കളയുന്നു. രാമകൃഷ്ണപിള്ളയെ സവർണ്ണനെന്നും പിന്നോക്ക വിരുദ്ധനെന്നും പറയുന്നവർ അദ്ദേഹം നടത്തിയ സവർണ വിരുദ്ധ ശ്രമങ്ങളെ തിരസ്കരിക്കുന്നു.നമ്മുടെ നവേത്ഥാനനായകരുടെ പ്രവർത്തനങ്ങൾ ശരിയായ അർഥത്തിൽ മനസ്സിലാക്കാനുള്ള ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ പറഞ്ഞു. കേരളത്തിലെ ജനജീവിതവുമായി അങ്ങേയറ്റം ഇഴുകിച്ചേർന്നിട്ടുള്ളതാണ് മാതൃഭൂമി. ജനങ്ങളോടെന്തെങ്കിലും പറയാനുള്ളപ്പോൾ ഞാൻ തിരഞ്ഞെടുക്കുന്നത് മാതൃഭൂമിയാണ്. കഴിഞ്ഞ 22 വർഷമായി മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ ഞാൻ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.ചടങ്ങിൽ അബ്ദുറഹ്മാൻ മങ്ങാട് സമാഹരിച്ച ‘ഐക്യസംഘം രേഖകൾ’ ഡോ. ഇക്‌ബാൽ പ്രകാശനംചെയ്തു. സ്മാരക ഗവേഷണകേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം. താഹിർ പുസ്തകം സ്വീകരിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ സി.എച്ച്. മുഹമ്മദ്‌കോയ ചെയർ ഡയറക്ടർ ഖാദർ പാലാഴി, ഗവേഷണകേന്ദ്രം ഭരണസമിതിയംഗം ആസിഫ് അലി, ഡോ. കെ. എം. സീതി, ഷൈജു എന്നിവർ സംസാരിച്ചു.

You might also like

Leave A Reply

Your email address will not be published.