ബസ്റ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ സ്വന്തം കാണികളുടെ നിറഞ്ഞ പിന്തുണക്കു കീഴെ കളിക്കാനിറങ്ങുന്ന ഇറാഖിനെതിരെ ജയം നേടാന്‍ ഖത്തറിന്റെ പുതുനിര നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ബസ്റയില്‍ തിങ്കളാഴ്ച വൈകീട്ട് 4.15നാണ് ഇരുടീമും ആദ്യ സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത്. തിങ്കളാഴ്ച രാത്രി 8.15ന് നടക്കുന്ന രണ്ടാം സെമിയില്‍ ബഹ്റൈനും ഒമാനും ഏറ്റുമുട്ടും.ഗ്രൂപ് ‘എ’യിലെ രണ്ടാം സ്ഥാനക്കാരായാണ് ഖത്തര്‍ സെമിഫൈനലിലേക്ക് മുന്നേറിയത്. അവസാന ഗ്രൂപ് മത്സരത്തില്‍ യു.എ.ഇക്കെതിരെ തമീം മന്‍സൂര്‍ 88ാം മിനിറ്റില്‍ നേടിയ ഗോളില്‍ 1-1ന് ആവേശസമനില നേടിയായിരുന്നു അവസാന നാലിലേക്കുള്ള പ്രവേശനം.കുവൈത്തിനെ ആദ്യകളിയില്‍ 2-0ത്തിന് തോല്‍പിച്ച ഖത്തര്‍ ബഹ്റൈനെതിരെ 2-1ന് തോല്‍വി വഴങ്ങുകയായിരുന്നു. ഒടുവില്‍ യു.എ.ഇക്കെതിരായ സമനിലയോടെ, നാലുപോയന്റുമായി ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ കുവൈത്തിനെ കഷ്ടിച്ച് മറികടന്നാണ് സെമിയിലെത്തിയത്. അതേസമയം, ഗ്രൂപ് എ യില്‍നിന്ന് മൂന്നുകളികളില്‍ രണ്ടുജയവും ഒരു സമനിലയുമായി ഏഴു പോയന്റുമായി ഗ്രൂപ് ജേതാക്കളായാണ് ഇറാഖ് മുന്നേറിയത്. ഒമാനോട് ഗോള്‍രഹിത സമനില വഴങ്ങിയ ആതിഥേയര്‍, സൗദി അറേബ്യയെ 2-0ത്തിനും അവസാന കളിയില്‍ യമനെ 5-0നും തകര്‍ത്താണ് കരുത്തുകാട്ടിയത്.അയ്മന്‍ ഹുസൈന്‍, മുസ്തഫ നദീം, ഇബ്രാഹിം ബായേഷ്, അഹോ റുസ്തം, അംജദ് അത്‍വാന്‍, ഹുസൈന്‍ അലി അല്‍ സഈദി എന്നിവരടങ്ങിയ മികച്ച താരനിരയാണ് ഇറാഖിന്റെ കരുത്ത്. ഒമാനെതിരെ അയ്മന്‍ രണ്ടു മിനിറ്റിനിടെ, രണ്ടു ഗോള്‍ നേടി മിടുക്കുകാട്ടിയിരുന്നു. മൂര്‍ച്ചയുള്ള ആതിഥേയ മുന്‍നിരയെ ഖത്തരി പ്രതിരോധം ഏതുവിധം പിടിച്ചുകെട്ടുമെന്നതാകും മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്നത്.ലോകകപ്പ് ഫുട്ബാളില്‍ മൂന്നുഗ്രൂപ് മത്സരങ്ങളും തോറ്റ് സ്വന്തം മണ്ണില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെച്ച ഖത്തറിന് ഗള്‍ഫ് കപ്പില്‍ യുവതാരങ്ങളടങ്ങിയ ടീമുമായി കലാശപ്പോരാട്ടത്തിലേക്ക് മുന്നേറാന്‍ കഴിഞ്ഞാല്‍ അത് അഭിമാനകരമായ നേട്ടമാകും. ടീമിന്റെ ഉന്നവും അതുതന്നെയാണ്. ലോകകപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കിയ ഖത്തര്‍, യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ടീമിനെയാണ് ബസ്റയില്‍ കളത്തിലിറക്കുന്നത്. യു.എ.ഇക്കെതിരെ സമനില ഗോള്‍ നേടി കരുത്തുകാട്ടിയ കുവൈത്തിനും ബഹ്റൈനുമെതിരെ ഗോള്‍നേടിയ സ്ട്രൈക്കര്‍ അഹ്മദ് അലാ അല്‍ദീന്‍, കുവൈത്തിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടിയ അംറോ സിറാജ് എന്നിവര്‍, തമീം മന്‍സൂര്‍, അലി അസദുല്ല എന്നിവരാണ് മുന്നേറ്റം നയിക്കുന്നത്.യു.എ.ഇക്കെതിരായ കളിയില്‍ അഹ്മദ് അലാ പരിക്കേറ്റ് കളം വിട്ടത് ഖത്തറിന്റെ ആക്രമണ നീക്കങ്ങളെ ബാധിച്ചിരുന്നു. 60ഓളം മത്സരങ്ങളില്‍ ഖത്തറിന്റെ കുപ്പായമിട്ട പരിചയ സമ്ബന്നനായ താരം, സെമിയില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ഖത്തറിന്റെ മുന്‍ വിഖ്യാത താരം മന്‍സൂര്‍ മുഫ്തയുടെ മകനായ തമീം മന്‍സൂറില്‍ ഖത്തര്‍ പുതിയ ഹീറോയെ സ്വപ്നം കാണുന്നുണ്ട്. ‘ടൂര്‍ണമെന്റ് ജയിച്ച് ട്രോഫിയുമായി ദോഹയില്‍ തിരിച്ചെത്തുന്നതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്. ആതിഥേയ ടീം ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ഇറാഖിനെതിരെ നന്നായി ഒരുങ്ങിത്തന്നെയാവും ഞങ്ങള്‍ കളത്തിലിറങ്ങുക’ -യു.എ.ഇക്കെതിരായ മത്സരശേഷം തമീം മന്‍സൂര്‍ പറഞ്ഞു.മിഡ്ഫീല്‍ഡില്‍ മുഹമ്മദ് വാദും അസീം മദിബോയുമാണ് ഖത്തറിനായി കരുനീക്കങ്ങള്‍ മെനയുന്നത്. ഇസ്മയില്‍ മുഹമ്മദ്, ജാസിം അബ്ദുല്‍സലാം, താരിക് സല്‍മാന്‍, ഹമാം അല്‍ അമീന്‍ എന്നിവര്‍ നയിക്കുന്ന പ്രതിരോധത്തിന് ഇന്ന് ജോലിഭാരം കൂടുമെന്നുറപ്പാണ്.’ഗള്‍ഫ് കപ്പില്‍ ഇറാഖിനെതിരായ സെമിഫൈനലിനായി തയാറെടുത്തിരിക്കുന്ന ടീം ഏറെ ആത്മവിശ്വാസത്തിലാണ്. കളത്തില്‍ എല്ലാം സമര്‍പ്പിച്ച് ഞങ്ങള്‍ പോരാടും.സാഹചര്യങ്ങള്‍ എന്തുമായിക്കോട്ടെ, എനിക്കെന്റെ കളിക്കാരില്‍ വിശ്വാസമുണ്ട്’ -ഖത്തര്‍ കോച്ച് ബ്രൂണോ പിനീറോ സെമിഫൈനലിന് മുന്നോടിയായ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജയിച്ച് ഫൈനലിലെത്താന്‍ കഴിവിന്റെ പരമാവധി മികവ് പുറത്തെടുക്കുമെന്ന് വിങ് ബാക്ക് ഹമാം അല്‍ അമീന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. ‘മത്സരം എളുപ്പമാകില്ല. നിറഞ്ഞ കാണികളുടെ പിന്തുണയില്‍ കളിക്കുന്ന ആതിഥേയര്‍ക്കെതിരെയാകുമ്ബോള്‍ പ്രത്യേകിച്ചും. എങ്കിലും ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കുമെന്ന് ടീമിനെ പിന്തുണക്കുന്നവര്‍ക്ക് ഉറപ്പുനല്‍കുന്നു’ -അല്‍ അമീന്‍ പറഞ്ഞു.