യുഎന്‍ഡബ്ല്യുടിഒയുടെ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കാമെന്ന് കേരളം;ടൂറിസം മന്ത്രി റിയാസ് യുഎന്‍ഡബ്ല്യുടിഒ ചെയര്‍മാനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ (യുഎന്‍ഡബ്ല്യുടിഒ) സുപ്രധാന ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ കേരളം താത്പര്യം പ്രകടിപ്പിച്ചു. സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂര്‍ 43-ാം പതിപ്പില്‍ യുഎന്‍ഡബ്ല്യുടിഒ ഏഷ്യന്‍ ആന്‍ഡ് പസഫിക് റീജിയണല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹാരി ഹ്വാങിന്‍റെ നേതൃത്വത്തിലുള്ള യുഎന്‍ഡബ്ല്യുടിഒ പ്രതിനിധി സംഘവുമായുള്ള ആശയവിനിമയത്തിനിടെയാണ് ഈ നിര്‍ദേശം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുന്നോട്ടുവച്ചത്.
ഉത്തരവാദിത്ത, സുസ്ഥിര, സാര്‍വത്രിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയാണ് യുഎന്‍ഡബ്ല്യുടിഒ.
കേരളത്തില്‍ നടക്കാനിരിക്കുന്ന ഉത്തരവാദിത്ത ടൂറിസം ആഗോള ഉച്ചകോടിക്കായി യുഎന്‍ഡബ്ല്യുടിഒ സംഘത്തെ ക്ഷണിച്ചതിനു പുറമേ 2024ല്‍ യുഎന്‍ഡബ്ല്യുടിഒയുടെ ജനറല്‍ ബോഡി/എക്സിക്യൂട്ടീവ് കമ്മിറ്റി കേരളത്തില്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു. 2023 അവസാന പാദത്തില്‍ കൂടുതല്‍ ഏഷ്യന്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ശില്‍പ്പശാല നടത്താമെന്ന് യുഎന്‍ഡബ്ല്യുടിഒ വാഗ്ദാനം ചെയ്തു. ടൂറിസം മേഖലയില്‍ നടപ്പാക്കേണ്ട ഉത്പന്നങ്ങളുടെയും സുസ്ഥിര പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് യുഎന്‍ഡബ്ല്യുടിഒ കേരളത്തിന് സാങ്കേതിക സഹായം നല്‍കും. കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് ചര്‍ച്ചയില്‍ പങ്കെടുത്തു.
കോവിഡിന് ശേഷം വൈവിധ്യമാര്‍ന്ന ടൂറിസം ഉത്പന്നങ്ങളും പദ്ധതികളുമായി എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ലക്ഷ്യസ്ഥാനം എന്ന നിലയിലുള്ള പ്രചാരണത്തിന് കേരളം തുടക്കമിട്ട പശ്ചാത്തലത്തിലാണ് യുഎന്‍ഡബ്ല്യുടിഒക്ക് ആതിഥേയത്വം വഹിക്കാനുള്ള നിര്‍ദേശം.
സിജിഎച്ച് എര്‍ത്ത്, അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ട്രാവല്‍ കോര്‍പ്പറേഷന്‍ (ഇന്ത്യ) എന്നിവരാണ് മേളയില്‍ കേരള ടൂറിസത്തിന്‍റെ ട്രേഡ് പാര്‍ട്ണര്‍മാര്‍.