അന്നും ഇന്നും കണ്ണിനഴക് കണ്‍മഷി തന്നെ. പക്ഷേ ഇന്ന് നാം ഉപയോഗിക്കുന്ന കണ്‍മഷി എങ്ങിനെ തയ്യാറാക്കിയതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നവജാത ശിശുക്കളില്‍ 28-ാം നാള്‍ മുതല്‍ ഉപയോഗിക്കുന്നതും, പ്രായ /ലിംഗ ഭേദമന്യേ നാം ഉപയോഗിക്കുന്ന ഒന്നാണ് കണ്‍മഷി /സുറുമ. ഇതെങ്ങനെ സ്വന്തമായി നിര്‍മ്മിക്കാം എന്ന് പഠിക്കാം.കണ്ണിന്റെ സംരക്ഷണത്തിനും ഭംഗിക്കും കണ്ണിന്റെ പേശികൾക്ക് ബലം നൽകുന്നതിനും കണ്ണിനെ ബാധിക്കുന്ന വൈറസ് ഇതര രോഗങ്ങളെ പ്രതിരോധിക്കുവാനും കാഴ്ചശക്തി വർദ്ധിപ്പിക്കുവാനും വീട്ടിൽത്തന്നെ ഉണ്ടാക്കി വന്നിരുന്ന ഒന്നാണ് കണ്മഷി. തൊടിയിൽ നിന്നും ശേഖരിച്ച പൂവാംകുറിന്നലിന്റേയും കൈയോന്നിയുടേയും വെറ്റിലയുടേയും ചാറെടുത്ത് ശുദ്ധമായ കോട്ടൺ തുണിയിൽ മുക്കി തണലിൽ ഉണക്കി ഏഴു പ്രാവശ്യം ഇതേ രീതി ആവർത്തിച്ച് ഉണക്കിയെടുത്ത തുണിയെ തിരശീലയാക്കി ശുദ്ധമായ ആവണക്കെണ്ണയിൽ കത്തിച്ച് ആ പുകയെ ഒരു പാത്രത്തിൽ ശേഖരിച്ച് അതിൽ നിന്ന് കിട്ടുന്ന കരിയെ പഞ്ചശുദ്ധി ചെയ്തെടുത്ത നെയ്യില്‍ (പാലിനെ വിധി പ്രകാരം ചൂടാക്കി തണുപ്പിച്ച് അതിലേയ്ക് ഉറയൊഴിച്ച് തൈരാക്കി തൈരിനെ മത്തിന്റെ അതിമർദ്ദത്താൽ വിഘടിപ്പിച്ച് കിട്ടുന്ന വെണ്ണയെ ഉരുക്കിയത്) ചാലിച്ചെടുക്കുന്നതാണ് കണ്‍മഷി. ഇതിനെ ഒരു ചെപ്പിലടച്ച് കാലങ്ങളോളം സൂക്ഷിക്കാം.