ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളികളെ ചെറുക്കണം: എം.ടി. വാസുദേവന്‍ നായര്‍

0

തിരുവനന്തപുരം: അധികാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് ഇന്ത്യയില്‍ ആവിഷ്കാരസ്വാതന്ത്ര്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്ക് മുന്നില്‍ എഴുത്തുകാര്‍ നിശബ്ദരാകരുതെന്നും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കരുതെന്നും പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്‍റെ ആദ്യദിനത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്‍റെ ആദ്യദിനത്തില്‍ പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തുന്നു


ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം അസഹിഷ്ണുതയില്‍ നിന്നും അക്രമത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് എം.ടി പറഞ്ഞു. സ്വതന്ത്രശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ കാണുന്ന പ്രാരംഭ സൂചനകളില്‍ നിശ്ശബ്ദരായാല്‍ പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഒരുമ്പെടുന്ന ശക്തികള്‍ ചുറ്റിലുമുണ്ട്. ഫാസിസ്റ്റ് ഭീഷണിക്കു മുന്നില്‍ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്ത് അവസാനിപ്പിക്കുകയാണെന്ന് ഒരിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ അടിച്ചമര്‍ത്തലുകള്‍ക്ക് വഴങ്ങി നിശബ്ദത പാലിക്കുന്നതിന് പകരം എഴുന്നേറ്റ് നില്‍ക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടതെന്ന് എം.ടി ചൂണ്ടിക്കാട്ടി. ഇന്നത്തെ ഇന്ത്യയില്‍ സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്‍മേലുള്ള അസഹിഷ്ണുതയുടെ അന്തരീക്ഷവും അക്രമത്തിന്‍റെ ഭാഷയും നാസി ജര്‍മ്മനിയെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും ജാഗ്രത പാലിക്കുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് എം.ടി. കൂട്ടിച്ചേര്‍ത്തു.
വര്‍ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുത ആശങ്കാജനകമാണ്. എല്ലാ മതങ്ങള്‍ക്കും മനുഷ്യരുടെ ആത്മീയവും സാംസ്കാരികവുമായ ഉന്നമനം വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വശാസ്ത്രങ്ങളുണ്ട്. അതില്‍ അസഹിഷ്ണുതയ്ക്കും അക്രമത്തിനും സ്ഥാനമില്ല. ഈ പ്രവണതകളെ ചെറുക്കാന്‍ വിവിധ വിശ്വാസങ്ങളുടെ യഥാര്‍ഥ അനുയായികള്‍ മുന്നോട്ടുവരണമെന്ന് എം.ടി പറഞ്ഞു.


ജനങ്ങളുടെ ജീവിതത്തില്‍ നിന്ന് ഭാഷ ക്രമേണ അന്യവല്‍ക്കരിക്കപ്പെടുന്നുവെന്നത് ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണെന്ന് എം.ടി. ചൂണ്ടിക്കാട്ടി. യുനെസ്കോയുടെ കണക്കെടുപ്പില്‍ 6700 ഭാഷകള്‍ പാതിയോളം മൃതപ്രായത്തിലാണ്. ഒരു വശത്ത് ഭാഷയ്ക്ക് മരണം സംഭവിക്കുന്നു. മറുവശത്ത് ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 196 ഇന്ത്യന്‍ ഭാഷകള്‍ പ്രവര്‍ത്തനരഹിതമാണ്. ഇതില്‍ അഞ്ചെണ്ണം ദക്ഷിണേന്ത്യന്‍ ഭാഷകളാണ്. നമ്മുടെ മാതൃഭാഷയ്ക്ക് എന്തു സംഭവിക്കുന്നുവന്ന് ശ്രദ്ധിക്കണം. മലയാളത്തിന്‍റെ ഗതിയെക്കുറിച്ച് ഉത്കണ്ഠകളുണ്ട്. മലയാളം പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന ഭയമല്ല, പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ചാണ് ആശങ്ക. പാഠപുസ്തകങ്ങളില്‍ പഴയതും പുതിയതുമായ സാഹിത്യരചനകളുണ്ട്. എന്നാല്‍ സാഹിത്യവുമായി ബന്ധപ്പെട്ട എന്തൊക്കെയോ കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ട്. ഇപ്പോള്‍ കുട്ടികള്‍ക്ക് കവിത കാണാപാഠം പഠിക്കേണ്ട, വ്യാകരണവും പഠിക്കേണ്ട. കവിതയിലെ വൃത്തവും അലങ്കാരവും കണ്ടെത്തുന്നത് ബൗദ്ധികമായ വിലയിരുത്തലായി കണ്ടിരുന്നു. ഇപ്പോള്‍ അതില്ല. 70 വര്‍ഷം മുമ്പ് പഠിച്ച കവിതയിലെ വരികള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഭാരതീയാരുടെ നാല് വരി അറിയാത്ത കുട്ടികള്‍ തമിഴ്നാട്ടിലും ടാഗോറിന്‍റെ വരികള്‍ അറിയാത്തവര്‍ ബംഗാളിലും ഉണ്ടാകില്ല. അതേസമയം ആശാന്‍റെയും ഉള്ളൂരിന്‍റെയും വള്ളത്തോളിന്‍റെയും വരികള്‍ കേരളത്തിലെ കുട്ടികള്‍ക്ക് അറിയില്ല. ഭാഷയുടെ അടിത്തറ അറിയാത്ത ദയനീയമായ കാലാവസ്ഥയിലാണ് നമ്മള്‍. പരീക്ഷയില്‍ എല്ലാവരേയും ജയിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. കുട്ടികള്‍ക്ക് ജയിക്കാനുള്ള മത്സരബുദ്ധിയും ആരോഗ്യകരമായ മത്സരവും ഉണ്ടായിരിക്കണം. ജീവിതത്തിന്‍റെ അനിവാര്യതയാണത്. എന്നാല്‍ അനാരോഗ്യകരമായ മത്സരം ഉണ്ടാകരുതെന്നും എം.ടി. ഓര്‍മ്മപ്പെടുത്തി.
മാതൃഭൂമിയുടെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന ‘ക ഫെസ്റ്റിവെല്‍’ എന്നറിയപ്പെടുന്ന അക്ഷരോത്സവത്തില്‍ നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠ ജേതാക്കളുള്‍പ്പെടെ ലോകമെമ്പാടുമുള്ള 400 ലധികം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. ‘ചരിത്രത്തിന്‍റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍’ എന്നതാണ് അക്ഷരോത്സവത്തിന്‍റെ പ്രമേയം. എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാ, കഥാവായനകള്‍ എന്നിവ സെഷനുകളെ സമ്പന്നമാക്കും. സാഹിത്യപ്രതിഭകള്‍ക്കൊപ്പം സിനിമ, കല, മാധ്യമപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള വേദി കൂടിയായി ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന അക്ഷരോത്സവം മാറും.
മാതൃഭൂമി മാനേജിങ് ഡയറക്ടറും ഫെസ്റ്റിവെല്‍ ചെയര്‍മാനുമായ എം.വി. ശ്രേയാംസ്കുമാര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററും ഫെസ്റ്റിവെല്‍ ചീഫ് പാട്രണുമായ പി.വി. ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. അക്ഷരോത്സവത്തിന്‍റെ ക്യൂറേറ്റര്‍ എം.പി. സുരേന്ദ്രന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

You might also like

Leave A Reply

Your email address will not be published.