കാന്‍ബെറ : രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ജനുവരി 10നും 16നും ഇടയില്‍ വച്ചാണ് കാപ്സ്യൂള്‍ നഷ്ടമായത്. ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ ന്യൂമാന്‍ പട്ടണത്തിനും പെര്‍ത്ത് നഗരത്തിനും മദ്ധ്യേ 1,400 കിലോമീറ്റര്‍ ദൂരത്തിനിടെയില്‍ വച്ച് കാണാതായ കാപ്സ്യൂളിനുള്ളില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ സീസിയം – 137 ആണുണ്ടായിരുന്നത്.അളവ് തീരെ കുറവാണെങ്കിലും ഉയര്‍ന്ന റേഡിയേഷനുള്ളതിനാല്‍ സീസിയം – 137 തൊടുന്നവര്‍ക്ക് ഗുരുതര രോഗമുണ്ടാകും. അതിനാല്‍ കാപ്സ്യൂള്‍ കണ്ടാല്‍ അടുത്തേക്ക് പോകരുതെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. റേഡിയേഷന്‍ ഡിറ്റക്ടിംഗ് ഉപകരണത്തിന്റെ സഹായത്തോടെ ഇന്നലെ രാവിലെയാണ് കാപസ്യൂള്‍ കണ്ടെത്തിയത്.ന്യൂമാന്‍ പട്ടണത്തിന്റെ തെക്ക് റോഡില്‍ നിന്ന് 7 അടി മാറി വശത്തായിരുന്നു കാപസ്യൂളിന്റെ സ്ഥാനം. കാപ്സ്യൂളിന്റെ ചിത്രം സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ടു. നിലവില്‍ കാപ്സ്യൂള്‍ കണ്ടെത്തിയതിന് 20 മീറ്റര്‍ ചുറ്റളവില്‍ ഹോട്ട് സോണായി പ്രഖ്യാപിച്ചു. ലെഡ് കണ്ടെയ്നറിലേക്ക് മാറ്റിയ കാപ്സ്യൂള്‍ ഇന്ന് പെര്‍ത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.