ചൈനീസ് ചാര ബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകള്‍

ചൈനീസ് ചാര ബലൂണ്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ടെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി റൂത് ഷെര്‍മാന്‍ വിവിധ എംബസികളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ടു ചെയ്യുന്നു.രണ്ട് ദിവസം മുമ്ബാണ് തങ്ങളുടെ ആകാശപരിധിയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ യു.എസ് വെടിവെച്ചിട്ടത്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂണ്‍ പതിച്ചത്. പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോര്‍ത്താനാണ് ചൈന ബലൂണ്‍ അയച്ചതെന്നും യു.എസ് ആരോപിച്ചു. അതേസമയം, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂണ്‍ കാറ്റില്‍ ദിശതെറ്റി യു.എസ് വ്യോമമേഖലയിലെത്തുകയായിരുന്നുവെന്നുമാണ് ചൈനയുടെ വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്.ഇന്ത്യ, ജപ്പാന്‍, വിയറ്റ്നാം, തായ്‍വാന്‍, ഫിലിപ്പീന്‍സ് തുടങ്ങി ചൈനക്ക് പ്രത്യേക താല്‍പര്യമുള്ള രാജ്യങ്ങളിലെല്ലാം നിരീക്ഷണ ബലൂണ്‍ വിവരങ്ങള്‍ ചോര്‍ത്താനായി അയച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡ് ഷെര്‍മാനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് തെക്കന്‍ തീരത്തെ ഹൈനാന്‍ പ്രവിശ്യക്ക് പുറത്തുനിന്നാണ് ബലൂണ്‍ നിയന്ത്രണമെന്നും പറയുന്നു. നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വ്യോമസേനയുടെ ഭാഗമാണ് ബലൂണ്‍. അഞ്ച് ഭൂഖണ്ഡത്തില്‍ ബലൂണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.യു.എസില്‍ ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബലൂണ്‍ കണ്ടിരുന്നുവത്രെ. ബലൂണുകളുടെ വിവിധ ചിത്രങ്ങള്‍ ചൊവ്വാഴ്ച പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു.യു.എസ് ആകാശത്ത് ചൈനയുടെ ചാരബലൂണ്‍ കണ്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ വഷളാക്കിയിരുന്നു. ഇതേതുടര്‍ന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനീസ് സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു.ജനുവരി 28ന് അമേരിക്കന്‍ ആകാശത്തെത്തിയ ബലൂണ്‍ ഫെബ്രുവരി നാലിന് ഉച്ചക്ക് 2.39നാണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 1.09ന്) യു.എസ് നോര്‍ത്തേണ്‍ കമാന്‍ഡ് യുദ്ധവിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. സൗത്ത് കരോലൈനയിലെ അമേരിക്കന്‍ തീരത്ത് നിന്ന് 9.65 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് ബലൂണ്‍ അവശിഷ്ടങ്ങള്‍ പതിച്ചത്.ബലൂണ്‍ വീഴ്ത്തിയത് അന്താരാഷ്ട്ര കീഴ്വഴക്കങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ആളില്ലാത്ത സൈനികേതര ബലൂണ്‍ വെടിവെച്ച് വീഴ്ത്തിയതില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.