വാണി ജയറാമിന്റെ മരണം തലയിലേറ്റ മുറിവ് മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്ബോള്‍ വീണ് മേശയില്‍ തലയിടിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് മറ്റ് സംശയങ്ങള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയില്‍ ഇന്നലെയാണ് ഗായികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസം.ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.