മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജന്‍സികളാണ്. ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ഇന്റലിജന്‍സ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ കാര്യങ്ങളില്‍ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ലെന്നും മന്ത്രി പറഞ്ഞു.വിവിഐപികളുടെയും സുരക്ഷാ ഭീഷണിയുള്ള വിഐപികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്നു കൃത്യവും വ്യക്തവുമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമാണ്. അതിനു താഴെ യെല്ലോ ബുക്കും ഉണ്ട്.സംസ്ഥാന പോലീസ്, പോലീസ് ഇന്റലിജന്‍സ്, ഐബി, എന്‍എസ്‌ജി തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സന്ദര്‍ഭങ്ങളില്‍ പൊതുജനത്തിന്റെയും മീഡിയയുടെയും “കയ്യടി”കള്‍ക്കായി സുരക്ഷ പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാവുക.മുഖ്യമന്ത്രിയെ തെരുവില്‍ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തില്‍ വാഹനത്തിന് മുന്‍പില്‍ ചാടി വീണ് ആക്രമിക്കാനും വഴി നീളെ യുഡിഎഫ് – ബിജെപി അക്രമ സംഘങ്ങള്‍ ശ്രമിച്ചു വരികയാണ്. അത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിക്കെ അദ്ദേഹത്തിനും പലതരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പ്രത്യേക പരിശീലനം നേടിയ കമ്മാന്റോകളാണ് അന്ന് അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുത്തത്. മലപ്പുറം പാണ്ടിക്കാടെ ക്യാംപില്‍ നിന്നും 60 ഐആര്‍ബി സ്കോര്‍പ്പിയോണ്‍ കമ്മാന്റോകളെയാണ് അന്ന് നിയോഗിച്ചത്. കൂടാതെ തോക്കേന്തിയ 15 കമ്മാന്റോകളും സുരക്ഷ കവചം ഒരുക്കിയിരുന്നു.മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നില്‍ ചാടി വീഴുക, കല്ലെറിയുക, വിമാന യാത്രയില്‍ പോലും ആക്രമിക്കാന്‍ ശ്രമിക്കുക ഇതൊക്കെയാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ കുറേ ആയി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീണാല്‍, വേഗതയില്‍ വരുന്ന വാഹനം ഇടിച്ചു തെറിപ്പിച്ചാല്‍ അപകട സാധ്യത കൂടുതലാണ്. അങ്ങനെ വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ച് രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് വാഹനത്തിന് നേരെ ചാടി വീഴാന്‍ ശ്രമിക്കുന്നവരെ പോലീസ് തടയുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും വിവിഐപി പരിപാടികളില്‍ പോലീസ് നിരോധിക്കുന്നതിന് “ബ്ലൂ ബുക്കി”ലെ നിര്‍ദേശങ്ങളാണ് ആധാരം. പ്രധാനമന്ത്രിയുടെ പരിപാടികളില്‍ കറുത്ത തുണികള്‍ക്കും മറ്റുമുള്ള വിലക്കിന്റെ അതേ കാരണമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിലും ഉള്ളത്. സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് പറഞ്ഞാല്‍ അര്‍ഥമാക്കുന്നത് “ബ്ലൂ ബുക്കി”ല്‍ പറഞ്ഞിട്ടുള്ള ചില നിര്‍ദേശങ്ങള്‍ കൂടി നടപ്പാക്കി സുരക്ഷ ഉയര്‍ത്തുന്നു എന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.