വൈവിധ്യമാര്‍ന്ന തേയിലയും തേയില ഉത്പന്നങ്ങളും; പ്ലാന്‍റേഷന്‍ എക്സ്പോയില്‍ തിരക്കേറുന്നു

0

തിരുവനന്തപുരം:  വിവിധ രുചിയും മണവും നിറവുമുള്ള ചായകളുടേയും ചായപ്പൊടികളുടേയും കാപ്പിയുടേയും മേളമാണ് പ്ലാന്‍റേഷന്‍ എക്സ്പോയിലെ സ്റ്റാളുകളില്‍. വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ നൂറ് സ്റ്റാളുകളിലാണ് എക്സ്പോ നടക്കുന്നത്. ഇന്ത്യയിലെ ആദ്യ പ്ലാന്‍റേഷന്‍ എക്സ്പോ കൂടിയാണിത്. ഫെബ്രുവരി 19 വരെ രാവിലെ 11 മുതല്‍ രാത്രി 11 വരെ നീളുന്ന എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ആഗോളതലത്തില്‍ കേരളാ പ്ലാന്‍റേഷന്‍ എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ആദ്യ ചുവടുവയ്പ് എന്ന നിലയിലാണ് പ്ലാന്‍റേഷന്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. തോട്ടവിപണിയിലെ വൈവിധ്യങ്ങള്‍ അറിയുന്നതിനും ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും എക്സ്പോയില്‍ അവസരമുണ്ട്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവര്‍ എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്.

പ്ലാന്‍റേഷന്‍ എക്‌സ്‌പോ സ്റ്റാളിലെ സന്ദര്‍ശകര്‍.

കണ്ണന്‍ദേവന്‍റെ ടീ സ്റ്റാളിലെ വൈവിധ്യം ബ്ലാക്ക് ടീയില്‍ നിന്ന് ഗ്രീന്‍ ടീയിലേക്കും വൈറ്റ് ടീയിലേക്കും നീളുന്നു. കമ്പനി നേരിട്ട് കടകള്‍ക്ക് വില്‍ക്കുന്ന അതേ വിലയില്‍ ഇവിടുന്ന് സാധനങ്ങള്‍ വാങ്ങാനാകും. ഒരു കിലോയ്ക്ക് 300 മുതല്‍ 20000 രൂപ വരെയുള്ള തേയിലപ്പൊടി സ്റ്റാളില്‍ വില്പ്പനയ്ക്കുണ്ട്. ആന്‍റി ഓക്സിഡന്‍റ്സ് ഏറ്റവും കുടുതലായി അടങ്ങിയിട്ടുള്ള വൈറ്റ് ടീയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പൗഡര്‍ രൂപത്തിലും ദ്രവരൂപത്തിലുള്ളതുമായ ഐസ് ടീ യും ഇവിടെയുണ്ട്.  ടീ ബാഗ്സ്, കോഫി പൗഡര്‍, ടീ ട്രീ ഓയില്‍ പോലുള്ള വിവിധ തരം എണ്ണകള്‍, തേയിലയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളിലൊന്നായ ചോക്കളേറ്റ് എന്നിവ ഈ സ്റ്റാളിന്‍റെ പ്രത്യേകതയാണ്. കണ്ണന്‍ദേവന്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായമകള്‍ നിര്‍മ്മിച്ച ചോക്കളേറ്റുകളാണിവ.

പ്ലാന്‍റേഷന്‍ എക്‌സ്‌പോ സ്റ്റാളിലെ സന്ദര്‍ശകര്‍.

ഇനി ആര്‍ക്കെങ്കിലും വെറൈറ്റി സമ്മാനം കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനു ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ സ്റ്റാളിലെത്തിയാല്‍ മതി. ‘സ്പൈസ് ഗിഫ്റ്റിംഗ്’ എന്ന പേരിലുള്ള സുഗന്ധ വ്യജ്ഞനങ്ങള്‍ നിറച്ച സമ്മാനപ്പെട്ടി കുറഞ്ഞ വിലയില്‍ ഇവിടെ നിന്ന് സ്വന്തമാക്കാം. സൂര്യനെല്ലി ടീ, ചുണ്ടേല്‍ ടീ എന്നീ പേരുകളില്‍ സിംഗിള്‍ എസ്റ്റേറ്റുകളില്‍ നിന്നുള്ള ചായപ്പൊടിയും ഇവരുടെ പ്രത്യേകതയാണ്.

ദി ട്രോപ്പിക്കല്‍ പ്ലാന്‍റേഷന്‍സ് ലിമിറ്റഡ് കണ്ണിമാറ ടീ യുടെ സ്റ്റാളിലെത്തുന്നവര്‍ക്ക് തേയിലപ്പൊടിയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും വാങ്ങുന്നതിനൊപ്പം വിവിധ രുചികളിലുള്ള ചായയും ലൈവായി ടെസ്റ്റ് ചെയ്യാം. കണ്ണിമാറ ഗ്രൗണ്ട് കോഫി, കണ്ണിമാറ ഫില്‍റ്റര്‍ കോഫി, കണ്ണിമാറ പൊടി കോഫി, ബ്ലാക്ക് പെപ്പര്‍ എന്നിവ കൈയോടെ കൊണ്ടുപോകാനുമാകും.

ആമസോണിലും  ഫ്ളിപ്പ് കാര്‍ട്ടിലും ജൈവ ഉത്പന്നങ്ങളും ഹാന്‍ഡ് മെയ്ഡ്, ഹോം മെയ്ഡ് ഉത്പന്നങ്ങളും ഏറ്റവുമധികം വില്‍ക്കുന്ന മികച്ച ഓണ്‍ലൈന്‍ ബ്രാന്‍ഡുകളിലൊന്നായ ലോ ഇന്ത്യയുടെ സ്റ്റാളും എക്സ്പോയുടെ ഭാഗമാണ്. വിഷരഹിതമായ ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭിക്കും.  മികച്ച ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളും ഇവരുടെ സ്റ്റാളുകളിലുണ്ട്.

മലങ്കര പ്ലാന്‍റേഷന്‍ ലിമിറ്റഡ്, പോബ്സ് ഓര്‍ഗാനിക് ഗ്രീന്‍ ടീ, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഇടുക്കിയിലെ ടൈഫോര്‍ഡ്, ജെയിന്‍ ഫുഡ്സ്, വാഗമണ്ണിലെ പുള്ളിക്കാനം എസ്റ്റേറ്റ്, കാഞ്ഞിരപ്പള്ളിയിലെ പി ഡി എസ് ഓര്‍ഗാനിക് സ്പൈസെസ്  തുടങ്ങിയവയുടെ സ്റ്റാളുകളും ശ്രദ്ധേയമാണ്. 

You might also like

Leave A Reply

Your email address will not be published.