വ്യവസായ മേഖലയിലെ എംഎസ്എംഇകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്ലാന്‍റേഷന്‍ സ്ഥാപനങ്ങള്‍ക്കുമുണ്ടാകും: മന്ത്രി പി.രാജീവ് നാലു ദിവസത്തെ പ്ലാന്‍റേഷന്‍ എക്സ്പോയ്ക്ക് തുടക്കമായി
തിരുവനന്തപുരം: വ്യവസായ മേഖലയിലെ എംഎസ്എംഇകള്‍ക്ക് ലഭിക്കുന്ന ഗ്രാന്‍റുകളും സബ്സിഡികളും ഇന്‍സെന്‍റിവുകളുമുള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും പ്ലാന്‍റേഷന്‍ മേഖലയിലെ സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന പ്ലാന്റേഷന് ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്ലാന്‍റേഷന്‍ എക്സ്പോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഏപ്രിലോടെ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. പ്ലാന്‍റേഷന്‍റെ അഞ്ച് ശതമാനം വരെ മെഡിസിനല്‍ പ്ലാന്‍റ്, ഹോര്‍ട്ടികോര്‍പ്പ്, ടൂറിസം തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകും. ഇത് ഇപ്പോള്‍ പൂര്‍ണമായി വിനിയോഗിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുമതി ലഭിക്കുന്നതിന് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റില്‍ സിംഗിള്‍ വിന്‍ഡോ സംവിധാനം ഏര്‍പ്പെടുത്തും.

പ്ലാന്‍റേഷന്‍ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായ വകുപ്പിന്‍റെ കീഴില്‍ വന്നതോടെ പ്ലാന്‍റേഷന്‍ മേഖലയ്ക്ക് നല്ല മാറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്ലാന്‍റേഷന്‍ മേഖലയുടെ 42 ശതമാനം കേരളത്തിലാണ്. എന്നാല്‍ നിലവില്‍ മേഖല പ്രതിസന്ധി നേരിടുന്നുണ്ട് ഇതിന് മാറ്റമുണ്ടാക്കാനാകണം. പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഇക്കോ ടൂറിസം മേഖല ശക്തിപ്പെടുത്താനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ വ്യവസായ വളര്‍ച്ച പിറകോട്ടാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഈ വര്‍ഷത്തെ സാമ്പത്തിക അവലോകനത്തിലും ബജറ്റിലും വ്യവസായ മേഖലയുടെ കുതിപ്പ് പ്രകടമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വ്യവസായ മേഖലയുടെ വളര്‍ച്ചാനിരക്ക് 17.3 ശതമാനം ആണ്. കേരളത്തിലെ ചരിത്രത്തിലെ ഉയര്‍ന്ന നിരക്കാണിത്. ഉത്പാദന മേഖലയുടെ വളര്‍ച്ച 18.9 ആണ്. ഇത് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. ഈ വര്‍ഷം എംഎസ്എംഇകള്‍ക്കുള്ള വായ്പ 60,000 കോടി രൂപയ്ക്ക് മുകളിലെത്തി. ബാങ്കുകളില്‍ നിന്ന് എംഎസ്എംഇകള്‍ക്ക് വലിയ പിന്തുണ ലഭിച്ചുവെന്ന് ഇത് കാണിക്കുന്നു. സംരംഭകവര്‍ഷം 8000 കോടിയുടെ നിക്ഷേപമാണ് കേരളത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്ലാന്റേഷന് ഡയറക്ടറേറ്റ് വെബ്സൈറ്റും മെഷിനറി എക്സ്പോ -2023 ലോഗോയും മന്ത്രി പുറത്തിറക്കി. മെഷിനറി എക്സ്പോ -2023 ന്‍റെ ടീസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി.കെ. പ്രശാന്ത് എം.എല്‍.എ. പ്രകാശനം ചെയ്തു.
ആഗോളതലത്തില്‍ കേരള പ്ലാന്‍റേഷന്‍ എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ആദ്യ ചുവടുവയ്പ് എന്ന നിലയിലാണ് കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി 16 മുതല്‍ 19 വരെ പ്ലാന്‍റേഷന്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. തോട്ടവിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ടറിയുന്നതിനും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും എക്സ്പോ അവസരമൊരുക്കും.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ പ്ലാന്‍റേഷന്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇതു പരിഹരിക്കാനും മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാകണമെന്ന് ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
പ്ലാന്‍റേഷന്‍ മേഖല നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകുകയാണെന്നും ഇതിനെ മറികടന്ന് മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.പ്ലാന്‍റേഷന്‍ മേഖലയില്‍ കൂടുതല്‍ വരുമാനം സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്ലാന്‍റേഷന്‍ എക്സ്പോയെ അടുത്തവര്‍ഷം ഗ്ലോബല്‍ എക്സ്പോ രൂപത്തിലേക്ക് കൊണ്ടുവരുമെന്നും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും പ്ലാന്റേഷന് സ്പെഷ്യല്‍ ഓഫീസറുമായ എസ്.ഹരികിഷോര്‍ പറഞ്ഞു.കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍ അശോക്, അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഴ്സ് കേരള ചെയര്‍മാന്‍ എ.കെ. ജലീല്‍, വ്യവസായ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍മാരായ കെ.സുധീര്‍, പി.എസ്. സുരേഷ്കുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ 100 സ്റ്റാളുകളിലാണ് എക്സ്പോ ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച വരെ നടക്കുന്ന എക്സ്പോ രാവിലെ 11 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.എക്സ്പോയുടെ ഭാഗമായി ഇന്ന് (വെള്ളി) ‘വൈവിധ്യവല്‍ക്കരണത്തിലൂടെയും മൂല്യവര്‍ധനയിലൂടെയും തോട്ടം മേഖലയിലെ വരുമാന വര്‍ധന’, നാളെ (ശനി) ‘കാലാവസ്ഥാ വ്യതിയാന ലഘൂകരണവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാര്‍ഷിക വ്യവസ്ഥയും’ എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കി തോട്ടം മേഖലയിലെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടക്കും.
