എന്‍.ഐ.ഐ.എസ്.ടി കോണ്‍ക്ലേവിന് മാര്‍ച്ച് 13 ന് തുടക്കം

0

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായി സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി( എന്‍.ഐ.ഐ.എസ്.ടി ) സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ഒരാഴ്ച നീളുന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റിവെലും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തോടനുബന്ധിച്ച് എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ മാര്‍ച്ച് 13 മുതല്‍ 18 വരെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
കാര്‍ഷിക, പരിസ്ഥിതി, പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ദേശീയ സെമിനാറുകളും് എന്‍ഐഐഎസ്ടി വികസിപ്പിച്ച സാങ്കേതിക വിദ്യാധിഷ്ഠിതവും സാമൂഹിക പ്രസക്തിയുള്ളതുമായ സംരംഭങ്ങളുടെ പ്രദര്‍ശനവും കോണ്‍ക്ലേവിന്‍റെ ഭാഗമായുണ്ടാകും. ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കല്‍, ധാരണാപത്രങ്ങളില്‍ ഒപ്പിടല്‍, സ്റ്റാര്‍ട്ടപ്പുകളുമായുള്ള ആശയവിനിമയം, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും ഇതിന്‍റെ ഭാഗമാണ്.

ദേശീയ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഫലപ്രദമായി മാറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. പൃഥ്വി, ആയുര്‍സ്വാസ്ത്യ, ശ്രീ അന്ന, രക്ഷ, ഊര്‍ജ എന്നീ പ്രമേയങ്ങളിലായി നടക്കുന്ന സെമിനാറില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഭരണാധികാരികളും പങ്കെടുക്കും.

 വിവിധ മേഖലകളില്‍ സംരംഭകത്വ വികസനത്തിന് പിന്തുണ നല്‍കുന്നതിനും ചെറുകിട ഇടത്തരം വ്യവസായ മേഖലകളിലേക്ക് ശാസ്ത്ര സാങ്കേതിക മുന്നേറ്റം വിപുലപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഒരാഴ്ച നീളുന്ന കോണ്‍ക്ലേവ് സഹായകമാകുമെന്ന് എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. മികച്ച സാധ്യതയുള്ള മേഖലകളും കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളവയും തിരിച്ചറിഞ്ഞ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ക്ലേവില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ചെറുധാന്യങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുത്ത് ഇന്ത്യയെ ഒരു പ്രധാന ചെറുധാന്യ ഉല്‍പ്പാദന കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ കോണ്‍ക്ലേവിന്‍റെ ഭാഗമായി രൂപീകരിക്കും. ചെറുധാന്യങ്ങളുടെ ഉപയോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാര്‍ഷിക സംഘടന (എഫ്.എ.ഒ) 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നു.

സി.എസ്.ഐ.ആറിന്‍റെ കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്‍റെ ഭാഗമായി തിരുവനന്തപുരം എന്‍.ഐ.ഐ.എസ്.ടി യില്‍ നടക്കുന്ന കോണ്‍ക്ലേവില്‍  ചെറുധാന്യങ്ങളില്‍ നിന്നുള്ള പുതിയ മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വ്യാപ്തി, പുതിയ സാങ്കേതിക വിദ്യയും സുസ്ഥിരവുമായ കൃഷിരീതികളും സ്വീകരിക്കല്‍, ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം, ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.

ചെറുധാന്യ ഭക്ഷ്യശാലകള്‍, കര്‍ഷക സംഗമം, ചെറുകിട സംരംഭക സംഗമം, പാചകമത്സരം, ചെറുധാന്യ അവബോധ പരിപാടി, പാചക വിദഗ്ധരുടെ നൈപുണ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍, ബി 2 ബി കൗണ്ടര്‍ എന്നിവയും  കോണ്‍ക്ലേവിനോടനുബന്ധിച്ച് ഉണ്ടാകും. കോണ്‍ക്ലേവില്‍ ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉപഭോഗം ജനകീയമാക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്കും.

പേള്‍ മില്ലറ്റ് (കമ്പം), ഫോക്സ്ടെയില്‍ മില്ലറ്റ് (തിന), പ്രോസോ മില്ലറ്റ് (പനിവരഗ്), ഫിംഗര്‍ മില്ലറ്റ് (പഞ്ഞപ്പുല്ല്/റാഗി), കോഡോ മില്ലറ്റ് (വരഗ്), ബര്‍നിയാര്‍ഡ് മില്ലറ്റ് (കുതിരവാലി), ലിറ്റില്‍ മില്ലറ്റ് (ചാമ) എന്നീ ചെറുധാന്യങ്ങള്‍ പാചക മത്സരത്തിന് ഉപയോഗിക്കാം. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചെറുധാന്യ ഭക്ഷ്യോത്സവത്തിന്‍റെ വേദിയില്‍ തത്സമയം പാചകം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും വേണം.

പാരിസ്ഥിതിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ സാങ്കേതിക വിദ്യാധിഷ്ഠിതവും സാമൂഹിക പ്രസക്തിയുള്ളതുമായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ക്ലീന്‍-അപ്പ് ടെക്നോളജി ‘പൃഥ്വി’ സെമിനാര്‍ കോണ്‍ക്ലേവിലെ പ്രധാന ആകര്‍ഷണമാണ്. ‘രക്ഷ’ എന്ന പേരിലുള്ള സ്ട്രാറ്റജിക് പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ഡിഎഇ തുടങ്ങിയ പ്രതിരോധ-തന്ത്രപ്രധാന സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.

കാര്‍ഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളും ആശയങ്ങളും ‘ശ്രീ അന്ന’ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ആയുര്‍വേദ മേഖലയെ ശാസ്ത്രീയമായി വികസിപ്പിച്ച് മികച്ച കേന്ദ്രമായി മാറ്റാനുള്ള കേരളത്തിന്‍റെ വിപുലമായ സാധ്യതകള്‍ ‘ആയുര്‍സ്വാസ്ത്യ’ എന്ന പ്രമേയത്തിലാണ് ചര്‍ച്ച ചെയ്യുക. ഊര്‍ജ പ്രതിസന്ധികളെ ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനെ കുറിച്ച് ‘ഊര്‍ജ’ എന്ന പ്രമേയത്തിലുള്ള സെമിനാറില്‍ ചര്‍ച്ച ചെയ്യും.

സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈശെല്‍വി, മന്ത്രാലയത്തിലെ ഉപദേഷ്ടാവ്
ഡോ. മനോജ് നേസരി എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍, സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ബി അശോക്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക,  കോട്ടക്കല്‍ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാര്യര്‍, അദാനി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ തുടങ്ങിയവരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

You might also like

Leave A Reply

Your email address will not be published.