‘മാപ്പ് ഞാൻ പറയുകേല, എന്റെ പേര് സവർക്കർ എന്നല്ല ഗാന്ധി എന്നാണ്’: രാഹുൽ ഗാന്ധി

0

അപകീര്‍ത്തി കേസില്‍ ശിക്ഷപ്പെട്ടതിനെത്തുടര്‍ന്ന്‌ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മാപ്പ് പറയുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി ഒരിക്കലും മാപ്പ് പറയില്ലെന്നുമാണ് രാഹുല്‍ മറുപടി നല്‍കിയത്.തനിക്ക് ഭയമില്ലെന്നും, അയോഗ്യനാക്കിയെന്ന് കരുതി തന്റെ യാത്ര അവസാനിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എത്ര വായടപ്പിക്കാൻ ശ്രമിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് താൻ ഇനിയും ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.‘ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഈ അയോഗ്യതാ ഉത്തരവിനെ ഞാൻ കാര്യമാക്കുന്നില്ല. മോദിയുടെയും അദാനിയുടെയും ബന്ധം ഞാൻ ഇനിയും ചോദ്യം ചെയ്യും. സത്യത്തിന് വേണ്ടി ഞാൻ ഇനിയും പോരാടും. അതാണ് എന്റെ ലക്ഷ്യം. എന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നുണ്ട്, അതിനാലാണ് ഞാൻ അയോഗ്യനാക്കപ്പെട്ടത്. രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് എന്റെ കർത്തവ്യം. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ശബ്ദമാവുക, അവരെ സത്യങ്ങൾ ബോധിപ്പിക്കുക എന്നതാണ് എന്റെ കടമ. പ്രധാനമന്ത്രിയുമായുള്ള ബന്ധം മുതലെടുക്കുന്ന അദാനിയെപ്പോലുള്ളവരെക്കുറിച്ച് ജനങ്ങളോട് സത്യം വിളിച്ച് പറയും’, രാഹുൽ ഗാന്ധി വ്യക്തമാക്കി.

You might also like
Leave A Reply

Your email address will not be published.