തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ജിടെക് മാര്‍ച്ച് 19 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ മാരത്തണില്‍ 1000 വനിതകളും 100 കുട്ടികളും ഉള്‍പ്പെടെ 3000 പേര്‍ പങ്കെടുക്കും.
ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസില്‍ നിന്നാണ് മാരത്തണ്‍ ആരംഭിക്കുന്നത്. 21, 10, 3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിഭാഗങ്ങളിലായാണ് മത്സരം. 21 കിലോമീറ്റര്‍ മത്സരം രാവിലെ അഞ്ച് മണിക്കും 10 കിലോമീറ്ററിന്‍റേത് ആറ് മണിക്കും മൂന്ന് കിലോമീറ്ററിന്‍റേത് ഏഴരയ്ക്കുമാണ് ആരംഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ നിശ്ചിത സമയത്തിന് ഒരുമണിക്കൂര്‍ മുമ്പ് സ്റ്റാര്‍ട്ടിംഗ് പോയിന്‍റിലെത്തണം. സൗജന്യമായി പ്രാതല്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളില്‍ കുടിവെള്ളവും മെഡിക്കല്‍ സേവനവും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.
രജിസ്റ്റര്‍ ചെയ്തവര്‍ 17, 18 തിയതികളില്‍ ടെക്നോപാര്‍ക്ക് ക്ലബിലെത്തി ടി ഷര്‍ട്ടുകള്‍ കൈപ്പറ്റേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ മാരത്തണില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ.
അതത് വിഭാഗങ്ങളിലെ ആദ്യ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പുരസ്ക്കാരങ്ങളും മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലുകളും ലഭിക്കും. ശശി തരൂര്‍ എംപിയാണ് സമ്മാനദാനം നിര്‍വഹിക്കുന്നത്.
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, യുഎസ്ടി ഗ്ലോബല്‍, ഇ.വൈ തുടങ്ങി 300 ലേറെ കമ്പനികളാണ് ജിടെക് കൂട്ടായ്മയിലുള്ളത്. കേരളത്തിലെ 80 ശതമാനം ഐടി ജീവനക്കാരും ജിടെക് കമ്പനികളിലാണ് ജോലിചെയ്യുന്നത്. ഇനി വര്‍ഷം തോറും വ്യത്യസ്ത സാമൂഹ്യപ്രമേയത്തില്‍ മാരത്തണ്‍ നടത്താനാണ് ജിടെകിന്‍റെ തീരുമാനം.
കുട്ടികളിലും യുവാക്കളിലും വളര്‍ന്നുവരുന്ന ലഹരിപ്രവണത കടുത്ത ആശങ്കയുളവാക്കുന്നതാണെന്ന് ജിടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു. ഇതിനെതിരെ യുവതലമുറയെ ബോധവാന്‍മാരാക്കാന്‍ വേണ്ടി നടത്തുന്ന മാരത്തണ്‍ ഐടി സമൂഹത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.