വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന സര്‍ക്കസ് കുലപതി ജെമിനി ശങ്കരനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി
കട്ടിലില്‍ കിടക്കുകയായിരുന്ന ജെമിനി ശങ്കരന്‍ മക്കളുടെ സഹായത്തോടെയാണ് എഴുന്നേറ്റത്. മുഖ്യമന്ത്രിയെ കണ്ടതോടെ ഊര്‍ജം വീണ്ടെടുത്ത അദ്ദേഹം സ്നേഹത്തോടെ പിണറായിയെ സ്വാഗതം ചെയ്തു. 20 മിനിട്ടോളം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.നല്ല ക്ഷീണമുണ്ടെന്ന് മുഖ്യമന്ത്രിയോട് ശങ്കരന്‍ പറഞ്ഞു. നാല് ദിവസമായി അച്ഛന്‍ ഭക്ഷണം കഴിക്കുന്നത് കുറവാണെന്ന് ശങ്കരന്റെ മക്കളായ അജയ് ശങ്കറും അശോക് ശങ്കറും മുഖ്യമന്ത്രിയെ അറിയിച്ചു. എന്തെങ്കിലും കഴിക്കണമെന്ന മുഖ്യമന്ത്രിയുടെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് ശങ്കരന്‍ വഴങ്ങി. മുഖ്യമന്ത്രി തന്നെ ശങ്കരന് ഇളനീര്‍ വെള്ളം കൊടുത്തു. വെള്ളം മുഴുവന്‍ കുടിച്ചയുടനെ മുഖ്യമന്ത്രി നല്‍കിയ മധുരവും അദ്ദേഹം കഴിച്ചു. മുഖ്യമന്ത്രിയും മധുരം കഴിച്ച് സ്നേഹം പങ്കിട്ടു.നടക്കാന്‍ കുറച്ച് പ്രയാസമുണ്ടെന്നും അതിനാല്‍ ശുചിമുറിയില്‍ പോകാന്‍ പ്രയാസമുണ്ടെന്നും ജെമിനി ശങ്കരന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ശുചിമുറിയിലേയ്ക്ക് പോകുമ്ബോള്‍ വാക്കര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഭക്ഷണവും മരുന്നു കൃത്യമായി കഴിക്കണമെന്ന് പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.