സൗരോര്‍ജ്ജ വിഭവങ്ങള്‍ ഊര്‍ജ്ജമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടണമെന്ന് വിദഗ്ധര്‍

0

തിരുവനന്തപുരം: കേരളം സമ്പന്നമായ സൗരോര്‍ജ്ജ വിഭവങ്ങളെ വ്യാവസായിക-ശാസ്ത്ര മേഖലകളുമായി ബന്ധപ്പെടുത്തി ഫലപ്രദമായ സാമ്പത്തിക സ്രോതസ്സാക്കി മാറ്റണമെന്ന് വിദഗ്ധര്‍.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(എന്‍.ഐ.ഐ.എസ്.ടി)യുടെ ‘വണ്‍ വീക്ക് വണ്‍ ലാബ്’ സമ്മേളനത്തില്‍ ‘ഊര്‍ജ്ജ’ പ്രമേയത്തില്‍ നടന്ന സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
ഊര്‍ജ്ജ വിഭവത്തിന്‍റെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് എന്‍.ഐ.ഐ.എസ്.ടി പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ സോളാര്‍ മെറ്റീരിയല്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. തമിഴ്നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളം ജലസ്രോതസ്സുകളും സൗരോര്‍ജ്ജ ലഭ്യതയും കൊണ്ട് സമ്പന്നമായതിനാല്‍ സംസ്ഥാനത്തിന് എളുപ്പത്തില്‍ ഹൈഡ്രജന്‍ ഹബ്ബായി മാറാന്‍ കഴിയും. ജൈവവസ്തുക്കളില്‍നിന്ന് നേട്ടമുണ്ടാക്കാനും സംസ്ഥാനത്തിന് ധാരാളം സാധ്യതകളുണ്ട്. സാങ്കേതികവിദ്യയുടെ വിന്യാസത്തിലൂടെ സംസ്ഥാനത്തെ ഹരിതോര്‍ജ്ജത്തിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വൈദഗ്ധ്യം കൈവരിക്കുന്നതിന് വ്യവസായങ്ങള്‍, അക്കാദമികള്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍ എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജ്യോതിലാല്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങളും കണ്ടെത്തലുകളും സാധാരണ ജനങ്ങളുമായി ബന്ധപ്പെടുത്താനും അവര്‍ക്ക് പ്രയോജനപ്പെടുത്താനുമാണ് എന്‍.ഐ.ഐ.എസ്.ടി ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ ഇന്ത്യയില്‍ സംയോജിത ഫോട്ടോവോള്‍ട്ടെയ്ക്സ് നിര്‍മ്മിക്കുന്നതിനുള്ള ധവളപത്രം  ഡോ. സി. അനന്തരാമകൃഷ്ണന്‍ വിശിഷ്ടാതിഥികള്‍ക്ക് സമര്‍പ്പിച്ചു.

സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സിലിക്ക ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും എന്നാല്‍ ഇന്ത്യയില്‍ ധാരാളം സിലിക്ക വിഭവങ്ങള്‍ ഉണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും സി.എസ്.ഐ.ആര്‍-സി.എല്‍.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ.ജെ. ശ്രീറാം പറഞ്ഞു. സിലിക്കയെ സിലിക്ക രാസവസ്തുക്കളാക്കി മാറ്റുന്നതിലും സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിലും സ്വയംപര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ജല, സൗരോര്‍ജ്ജ ലഭ്യതയില്‍ കേരളം സമ്പന്നമാണെന്നും ഇതിലൂടെ 22 ജിഗാവാട്ട് ഊര്‍ജ്ജം  ഉത്പാദിപ്പിക്കാനാകുമെന്നും അത് ഹൈഡ്രജനാക്കി മാറ്റി കയറ്റുമതി ചെയ്യാനാകുമെന്നും അദാനി വിഴിഞ്ഞം പോര്‍ട്ട് എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ പറഞ്ഞു.

മണിപ്പാല്‍ ടെക്നോളജീസ് ലിമിറ്റഡ് സി.ഇ.ഒ അഭയ് ആനന്ദ് ഗുപ്തേ, സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്‍റിസ്റ്റ് ഡോ. പി.സുജാതാദേവി, സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി  സി.എസ്.ടി.ഡി തീം കണ്‍വീനര്‍ ഡോ. ജോഷി ജോസഫ് എന്നിവര്‍ ഈ സെഷനില്‍ സംസാരിച്ചു.

സോളാര്‍ ഊര്‍ജ്ജം ഗാര്‍ഹിക മേഖലയില്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ‘എനര്‍ജി മെറ്റീരിയല്‍സ്, ഡിവൈസസ് ആന്‍ഡ് ഹൈഡ്രജന്‍: ദ പ്രോമിസിങ് പാത്ത് ടു അമൃത്കാല്‍’ എന്ന വിഷയത്തില്‍ സംസാരിച്ച  അനര്‍ട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെല്ലൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 35,000 പുരപ്പുറങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം ഒരു ലക്ഷം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കുന്നതില്‍ ശാസ്ത്രസമൂഹത്തിന്‍റെയും ഗവേഷകരുടെയും  സഹായം ഊര്‍ജ്ജ മേഖലയ്ക്ക് ആവശ്യമാണെന്ന് സംസ്ഥാന എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ ഡയറക്ടര്‍ ഡോ.ഹരികുമാര്‍ ആര്‍ പറഞ്ഞു. ഊര്‍ജ്ജ ഉപഭോഗത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെ ഫെനിസ് എനര്‍ജി വൈസ് പ്രസിഡന്‍റ് അഭിഷേക് പദ്മനാഭന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി എനര്‍ജി കോര്‍ഡിനേറ്റര്‍     ഡോ. കെ.എന്‍. നാരായണന്‍ ഉണ്ണി മോഡറേറ്ററായി.

‘സ്പെഷ്യാലിറ്റി കെമിക്കല്‍സ്: ബില്‍ഡിങ് ആത്മനിര്‍ഭര്‍ ഭാരത് വിത്ത് എ ഫോക്കസ് ഓണ്‍ സസ്റ്റെയിനബിലിറ്റി’ എന്ന വിഷയത്തില്‍ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. ജാവേദ് ഇക്ബാല്‍, സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. എസ്.കെ. തിവാരി, സായിലൈഫ് സയന്‍സസ് ലിമിറ്റഡ് എ.വി.പി ഡോ. ഗണേഷ് യദ്ദനപുഡി, ബയോവാസ്റ്റം സൊല്യൂഷന്‍സ് എം.ഡി ജോഷി വര്‍ക്കി, മണിപ്പാല്‍ ടെക്നോളജീസ് ലിമിറ്റഡ് ആര്‍ ആന്‍ഡ് ഡി ഹെഡ് ശിവാനന്ദ വാഗ്ലേ എന്നിവര്‍ സംസാരിച്ചു. സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സ്പെഷ്യാലിറ്റി കെമിക്കല്‍സ് കോര്‍ഡിനേറ്റര്‍   ഡോ. സി.വിജയകുമാര്‍ മോഡറേറ്ററായി.

കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ചത്തെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് എന്‍ഐഐഎസ്ടിയില്‍ സമ്മേളനം നടക്കുന്നത്. എന്‍ഐഐഎസ്ടി ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും പൈതൃകത്തിന്‍റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനത്തിന് 18 വരെ നടക്കുന്ന സമ്മേളനം സാക്ഷ്യം വഹിക്കും.

You might also like

Leave A Reply

Your email address will not be published.