2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചരിത്ര വിജയം നേടുമെന്ന് ഇലോണ്‍ മസ്ക്
അടുത്താഴ്ച ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മസ്ക്. ”അറസ്റ്റ് സംഭവിച്ചാല്‍ ഉറപ്പായും ട്രംപ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടും.”-എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് താന്‍ ജയിലിലടക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കണമെന്നും ട്രംപ് കുറിച്ചു.മാന്‍ഹട്ടന്‍ ഡിസ്ട്രിക്‌ട് അറ്റോര്‍ണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് പറയുന്നു. ചോര്‍ന്നുകിട്ടിയതാണ് ഈ വിവരം. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന‌് 1,30,000 ഡോളര്‍ (ഏകദേശം 1.07 കോടി രൂപ) നല്‍കിയ സംഭവത്തില്‍ ട്രംപിനെതിരെ മാന്‍ഹട്ടന്‍ ഡിസ്ട്രിക്‌ട് അറ്റോര്‍ണി അന്വേഷണം നടക്കുന്നുണ്ട്. ട്രംപ‌് സ്റ്റോമി ഡാനിയലുമായി ബന്ധം പുലര്‍ത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പുസമയത്ത‌് ഇവര്‍ ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ പ്രചാരണ ഫണ്ടില്‍ നിന്ന് പണം നല്‍കി വായടപ്പിച്ചതായുമാണ് ആരോപണം. ഇക്കാര്യത്തില്‍, പണം നല്‍കിയിരുന്നുവെന്ന് പിന്നീട് സമ്മതിച്ച ട്രംപ് അത് പ്രചാരണഫണ്ടില്‍ നിന്നല്ല എന്നാണ് അവകാശപ്പെട്ടത്.മെലാനിയയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ട്രംപ് സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയായിരുന്നു ഇത്. തുടര്‍ന്ന് 2016ല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എ.ബി.സി ന്യൂസി’നോടു സംസാരിക്കാന്‍ സ്റ്റോമി ഡാനിയേല്‍ തയാറായി. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകന്‍ മിഷേല്‍ കോഹെന്‍ ആണ് സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്സണ്‍ വഴി പണം കൈമാറിയത്.