പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.19ന് കണ്ണൂരിൽ എത്തി. ലക്ഷ്യസ്ഥാനത്തെത്താൻ ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് ആണ് എടുത്തത്.കേരളത്തിൽ തിരുവനന്തപുരം – കണ്ണൂർ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയിൽ ഒന്നാമതാണ്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിൻ രാജധാനി എക്സ്പ്രസാണ്. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിൻ കണ്ണൂരിലെത്തുന്നത്. രാജധാനിയെക്കാൾ സ്പീഡിൽ എത്താൻ വന്ദേഭാരതിന് കഴിയുന്നുണ്ട്.അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിന്റെ അതിവേഗം ലക്ഷ്യമിട്ട് ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നലെ ഊര്‍ജിതമാക്കിയിരുന്നു. റെയില്‍വേ ട്രാക്ക് ബലപ്പെടുത്തുന്നതും നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇതിനുപുറമെ എറണാകുളം ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയും പിന്നീട് 130 ആയി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. വന്ദേഭാരതിന്റെ അതിവേഗതയ്ക്ക് പ്രധാന തടസ്സം ട്രാക്കിന്റെ വളവും തിരിവുമാണ്. ചെറിയ വളവുകള്‍ നിവര്‍ത്തുന്ന പ്രക്രിയയാണ് നിലവില്‍ നടക്കുന്നത്. പാളത്തോടു ചേര്‍ന്നു കിടക്കുന്ന മെറ്റല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും നടക്കുന്നുണ്ട്.