16 വയസുള്ള കുട്ടികളെ 18 വയസ്സ് ആയി എന്ന് പറഞ്ഞ് കല്യാണം നടത്തുന്ന പതിവുണ്ടെന്നും തന്റെ സുഹൃത്തുക്കളെ ഇതില് നിന്നും പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും നിഖില പറഞ്ഞു. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് നിഖില തന്റെ നാടുകളിൽ കണ്ട കാഴ്ച തുറന്നു പറഞ്ഞത്. പലപ്പോഴും പെൺകുട്ടികളെ ഡിഗ്രിക്ക് ചേർക്കുന്നത് പോലും അത് പറഞ്ഞ് കല്യാണം നടത്താനാണെന്നും നിഖില പറഞ്ഞു.‘പെൺക്കുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളേജിലേക്ക് ചേർക്കും. അങ്ങനെ ചേർക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താൻ വേണ്ടിയാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള ഒരു കാര്യമാണ്. എന്റെ ഫ്രണ്ട്സിനെയൊക്കെ മാക്സിമം എങ്ങനെയെങ്കിലുമൊക്കെ പിടിച്ച് നിർത്താൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ പഠിച്ചിട്ട് പോ എന്നൊക്കെ ഞാൻ പറയുമായിരുന്നു. അത് കഴിഞ്ഞിട്ട് പിന്നെ അവർക്ക് അങ്ങനെയൊരു ജീവിതമുണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുള്ള ആൾക്കാരെ ഇതുപോലെ കല്യാണം കഴിപ്പിക്കുന്നതിൽ പ്രശ്നമില്ല. കാരണം അതായിരുന്നു അവർ ചെയ്തുകൊണ്ടിരുന്ന കാര്യം. അവരെ സംബന്ധിച്ച് കല്യാണം കഴിക്കുക കുടുംബം നോക്കുക എന്നതായിരുന്ന വലിയ കാര്യം. എന്നാൽ ഇന്നത്തെ കാര്യം അങ്ങനെയല്ലല്ലോ. പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള സാഹചര്യവും നമ്മുടെ ലൈഫ് എങ്ങനെയാകണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് നമുക്കുണ്ടല്ലോ. ഇത്തരം അവസരങ്ങളൊക്കെയുള്ള സമയത്ത് കല്യാണം കഴിപ്പിച്ച് വിടുന്നത് മോശമാണ്. 16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് കല്യാണം നടത്തുന്നവരുണ്ട്. 18 വയസ് പോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല. എപ്പോഴാണ് ഒരു കുടുംബത്തെ കൈകാര്യം ചെയ്യാൻ നമ്മൾ സ്വയം തയാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം’, നിഖില പറയുന്നു.