സൈക്കിളുമായി ഫായിസ് അടുത്ത ലക്ഷ്യത്തിലേക്ക്

0

ഇതിനകം ഏഴ് രാജ്യങ്ങള്‍ പിന്നിട്ട കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലി വെള്ളിയാഴ്ച കുവൈത്തില്‍നിന്ന് ഇറാഖിലേക്ക് സൈക്കിള്‍ ചവിട്ട് ആരംഭിക്കും.ഇന്ത്യയില്‍നിന്ന് ഒമാന്‍, യു.എ.ഇ, സൗദി, ഖത്തര്‍, ബഹ്റൈന്‍ എന്നിവ പിന്നിട്ടാണ് ഫായിസ് കുവൈത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ഡിസംബര്‍ 24ന് കുവൈത്തില്‍ പ്രവേശിച്ച ഫായിസിന് മറ്റു രാജ്യങ്ങളിലെ വിസ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ യാത്ര തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോയി നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തുകയായിരുന്നു.ഇറാഖ്, ഇറാന്‍ വിസകളും യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള ഷെംഗെന്‍ വിസയും നിലവില്‍ ലഭിച്ചിട്ടുണ്ടെന്ന് ഫായിസ് പറഞ്ഞു. യാത്രക്കുമുമ്ബ് സൈക്കിള്‍ അറ്റകുറ്റപ്പണിക്ക് നല്‍കിയിട്ടുണ്ട്. എംബസിയില്‍നിന്നുള്ള നടപടികളും പൂര്‍ത്തിയായി. വെള്ളിയാഴ്ച പുലര്‍ച്ച യാത്ര തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ഫായിസ് പറഞ്ഞു. ഇറാഖില്‍ അഞ്ചുദിവസത്തെ യാത്രയുണ്ടാകും. അതിനിടെ അവിടത്തെ സ്ഥലങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് ഇറാനിലേക്ക് പ്രവേശിക്കും. റമദാന്‍ ആയതിനാല്‍ രാവിലെയാകും യാത്രക്ക് തിരഞ്ഞെടുക്കുക. ദിവസം 50 കി.മീ. എന്നതിലേക്ക് യാത്ര ചുരുക്കുകയും ചെയ്യും.35 രാജ്യങ്ങളിലൂടെ 30,000 കി.മീ. സഞ്ചരിച്ച്‌ രണ്ട് ഭൂഖണ്ഡങ്ങള്‍ താണ്ടി ലണ്ടനിലെത്തുകയാണ് ഫായിസിന്റെ സ്വപ്നം. കഴിഞ്ഞ ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്ര മുംബൈയിലെത്തിയശേഷം വിമാനമാര്‍ഗം ഒമാനിലിറങ്ങി. അവിടെനിന്ന് റോഡ് മാര്‍ഗം യു.എ.ഇയും ഖത്തറും ബഹ്റൈനും സൗദിയും പിന്നിട്ടാണ് കുവൈത്തില്‍ എത്തിയത്. ഇനി ഇറാഖിലും തുടര്‍ന്ന് ഇറാനിലും പ്രവേശിക്കുന്ന ഫായിസ് അസര്‍ബൈജാനും ജോര്‍ജിയയും തുര്‍ക്കിയയും മറികടന്ന് യൂറോപ്പിലേക്ക് പ്രവേശിക്കും. യാത്ര 450 ദിവസം പിന്നിടുമ്ബോള്‍ ലണ്ടനില്‍ എത്താനാകുമെന്നാണ് പ്രതീക്ഷ. അതിനിടയില്‍ 28 രാജ്യങ്ങള്‍ പിന്നിടാനുണ്ട്.’ആസാദി കാ അമൃത് മഹോത്സവി’ന്‍റെ ഭാഗമായി ലോകരാജ്യങ്ങള്‍ പരസ്പര സ്നേഹത്തില്‍ വര്‍ത്തിക്കണമെന്ന സന്ദേശത്തോടെ ‘ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്ക്’ എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തില്‍ റോട്ടറി ഇന്‍റര്‍നാഷനലിന്‍റെ പിന്തുണയോടെയാണ് ഫായിസ് ഭൂഖണ്ഡങ്ങള്‍ ചുറ്റാനിറങ്ങിയത്. ലോക സമാധാനം, സീറോ കാര്‍ബണ്‍, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം എന്നിവയും ലക്ഷ്യങ്ങളാണ്. അമേരിക്കന്‍ കമ്ബനിയുടെ സര്‍ലി ഡിസ്ക് ട്രക്കര്‍ സൈക്കിളിലാണ് സഞ്ചാരം.കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയായ ഫായിസ് വിപ്രോയിലെ ജോലി രാജിവെച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. 2019ല്‍ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യയാത്ര. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, തായ്‍ലന്‍ഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കി.മീ. സഞ്ചരിച്ച്‌ അന്ന് വിജയകരമായി സിംഗപ്പൂരിലെത്തി.ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, കാമറ തുടങ്ങിയവയാണ് യാത്രയില്‍ കൂട്ട്. ഭാര്യ ഡോ. അസ്മിന്‍ ഫായിസ് യാത്രക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നു. മക്കളായ ഫഹ്സിന്‍ ഉമര്‍, അയ്സിന്‍ നഹേല്‍ എന്നിവരും പിതാവിന്റെ യാത്ര ഇഷ്ടപ്പെടുന്നവരാണ്.

You might also like
Leave A Reply

Your email address will not be published.