പ്രത്യേക ദൗത്യസംഘം പിടികൂടിയ അരിക്കൊമ്ബനെ ഞായര്‍ പുലര്‍ച്ചെ അഞ്ചേകാലോടെ സീനിയര്‍ ഓടയ്ക്ക് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു.ശനി രാത്രി 10.30ഓടെയാണ് കുമളിയിലെത്തിയത്. ഇവിടെനിന്നും 18 കി.മീ. ദൂരെയാണ് സ്ഥലം. പെരിയാര്‍ തടാകത്തിന്റെ തീരപ്രദേശം ആയതിനാല്‍ ഭക്ഷണത്തിനോ വെള്ളത്തിനോ അരിക്കൊമ്ബന് ബുദ്ധിമുട്ടേണ്ടിവരില്ല. ഇവിടെനിന്ന് തമിഴ്നാട് അതിര്‍ത്തി വനമേഖലയായ മഹാരാജമേട്, ചുരുളി, ഇരവങ്കലാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏതാനും കിലോമീറ്റര്‍ മാത്രമാണ് ദൂരം. ജിപിഎസ് കോളറില്‍നിന്ന് ലഭിക്കുന്ന സിഗ്നലുകളിലൂടെ പെരിയാര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറുടെയും വെറ്ററിനറി ഡോക്ടറുടെയും നേതൃത്വത്തില്‍ ആനയെ നിരീക്ഷിക്കും. നിലവില്‍ അരിക്കൊമ്ബന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് റേഡിയോ കോളറില്‍നിന്ന് ലഭിച്ച സിഗ്നല്‍. തുറന്നുവിട്ട സ്ഥലത്തുനിന്ന് 1.5 കി.മീ. ഉള്‍വനത്തിലേക്ക് കൊമ്ബന്‍ കയറിപ്പോയിട്ടുണ്ട്.മയക്കുവെടിവച്ചത് അരിക്കൊമ്ബന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്ന് ദൗത്യസംഘം പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ വിട്ട അരിക്കൊമ്ബനെ റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകള്‍ സാരമുള്ളതല്ലെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.