എട്ട് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാന്‍ നടപടിയുമായി റെയില്‍വേ

0

തിരുവനന്തപുരം- മംഗളൂരു എക്സ്പ്രസ്, മംഗളൂരു- ലോക്മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളിലാണ് മാറ്റം. ഇവയ്ക്ക് പകരം എസി കോച്ചുകള്‍ കൂട്ടാനാണ് റെയില്‍വേ ആലോചിക്കുന്നത്. യാത്രക്കാര്‍ക്ക് എസി കോച്ചുകളോടാണ് താത്പര്യമെന്ന് കണ്ടെത്തിയതാണ് മാറ്റത്തിന് കാരണമെന്ന് റെയില്‍വേ പറയുന്നു.ജൂലൈ 25ന് പുതിയ മാറ്റം നിലവില്‍ വരും. അടിയന്തര യാത്രയ്ക്ക് ജനറല്‍ കോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക.തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസില്‍ (16347/48) നിലവില്‍ അഞ്ച് ജനറല്‍ കോച്ചുകളും രണ്ട് ജനറല്‍ കം ലഗേജ് കോച്ചുകളുമാണുള്ളത്. ഒരു ജനറല്‍ കോച്ച്‌ കുറച്ച്‌ എസി കോച്ചുകളുടെ എണ്ണം നാലായി ഉയര്‍ത്താനാണ് തീരുമാനം. ഇതേ റേക്കുകള്‍ പങ്കുവെയ്ക്കുന്ന മംഗളൂരു- ലോക്മാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിലും (12619/20) സമാന മാറ്റം വരും.23 കോച്ചുകളുള്ള ഈ ട്രെയിനുകളില്‍ 11 സ്ലീപ്പര്‍ കോച്ചുകളും മൂന്ന് ത്രീ ടയര്‍ എസി കോച്ചുകളും രണ്ട് ടു ടയര്‍ എസി കോച്ചുകളും അഞ്ച് ജനറല്‍ കോച്ചുകളും രണ്ട് ജനറല്‍ കം ലഗേജ് കോച്ചുകളുമാണുള്ളത്.പഴയ രീതിയിലുള്ള ഐആര്‍എസ് കോച്ചുകള്‍ ഉപയോഗിക്കുന്ന എട്ട് ട്രെയിനുകളിലാണ് മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ എല്‍എച്ച്‌ബി കോച്ചുകള്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ എസി ത്രീ ടയര്‍ എസി കോച്ചുകള്‍ കൂട്ടുന്നതിനുള്ള നടപടി നേരത്തേ തുടങ്ങിയിരുന്നു. ഭാവിയില്‍ ദീര്‍ഘദൂര ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ രണ്ടെണ്ണം വരെയായി കുറയാന്‍ സാധ്യതയുണ്ടെന്നും ഘട്ടം ഘട്ടമായി മാറ്റം നടപ്പാക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.എസി കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം കൂടിയെന്ന് റെയില്‍വേ പറയുന്നു. എണ്ണത്തില്‍ കുറവുള്ള എസി കോച്ചുകളുടെ റിസര്‍വേഷനാണ് ആദ്യം പൂര്‍ത്തിയാകുന്നത്. പുതിയ കോച്ചുകളുടെ നിര്‍മാണത്തില്‍ എസിക്കാണ് മുന്‍ഗണന. എല്‍എച്ച്‌ബി കോച്ചുകളുള്ള കണ്ണൂര്‍- യശ്വന്ത്പുര്‍ എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും നേരത്തെ തന്നെ സ്ലീപ്പര്‍ കോച്ച്‌ കുറച്ച്‌ എസി കോച്ചുകളുടെ എണ്ണം കൂട്ടിയിരുന്നു.

You might also like
Leave A Reply

Your email address will not be published.