ടീം അധികൃതരുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് സസ്പെന്‍ഷനിലായ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗില്‍ തകര്‍പ്പന്‍ ജയം
ലീഗില്‍ പത്തൊമ്ബതാം സ്ഥാനത്തുള്ള ട്രോയസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു നിലവിലെ ചാമ്ബ്യന്മാരുടെ ജയം.എട്ടാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. വലതുവശത്തുനിന്ന് വിറ്റിഞ്ഞ നല്‍കിയ ക്രോസ് എതിര്‍ താരത്തിന്റെ ദേഹത്തും ക്രോസ് ബാറിലും തട്ടി മടങ്ങിയപ്പോള്‍ എംബാപ്പെ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. പതിനഞ്ചാം മിനിറ്റിലും എംബാപ്പെക്ക് അവസരം ലഭിച്ചെങ്കിലും ഇത്തവണ ഹെഡര്‍ ഗോള്‍കീപ്പര്‍ ഗാലണ്‍ പിടിച്ചെടുത്തു.59ാം മിനിറ്റില്‍ വെറാറ്റിയുടെ പാസില്‍ വിറ്റിഞ്ഞ ലീഡ് ഇരട്ടിപ്പിച്ചപ്പോള്‍ 83ാം മിനിറ്റില്‍ ട്രോയസ് ഒരു ഗോള്‍ മടക്കി. സേവ്യര്‍ ഷാവലറിന്‍ ആണ് വല കുലുക്കിയത്. എന്നാല്‍, മൂന്ന് മിനിറ്റിനകം ഫാബിയന്‍ റൂയിസ് പി.എസ്.ജിക്കായി ഒരു ഗോള്‍ കൂടി നേടിയതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. റെനാറ്റോ സാഞ്ചസ് നല്‍കിയ മനോഹര പാസ് എംബാപ്പെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോള്‍കീപ്പര്‍ തടഞ്ഞിട്ടപ്പോള്‍ നേരെ എത്തിയത് റൂയിസിന്റെ കാലിലേക്കായിരുന്നു. താരം പിഴവൊന്നുമില്ലാതെ പന്ത് വലയിലെത്തിച്ചു. ലീഗില്‍ 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പി.എസ്.ജിക്ക് 78 പോയന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലെന്‍സിന് 72 പോയന്റുണ്ട്.