യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലിം മേയറെ അവസാന നിമിഷം യുഎസ് രഹസ്യ വിഭാഗം തടഞ്ഞു

0

ന്യൂ ജേഴ്സിയിലെ പ്രോസ്പെക്‌ട് പാര്‍ക്ക് മേയര്‍ മുഹമ്മദ് ഖൈറുള്ളയെയാണ് തടഞ്ഞത്. പ്രസി‍ഡന്റ് പങ്കെടുക്കുന്ന ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രഹസ്യ വിഭാഗം അനുമതി നിഷേധിച്ചതായി അവസാന നിമിഷം വൈറ്റ് ഹൗസില്‍ നിന്ന് മേയറെ ഫോണില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് തനിക്ക് അനുമതി നിഷേധിച്ചതെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയില്ലെന്ന് മേയര്‍ പറഞ്ഞു.പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 47 കാരനായ ഖൈറുല്ല കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിനെ വിവരം അറിയിച്ചു. ലക്ഷക്കണക്കിന് വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു ഭീകരവാദ സ്ക്രീനിംഗ് ഡാറ്റയില്‍ നിന്ന് എഫ്ബിഐയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ സിഎഐആര്‍ അഭിഭാഷകര്‍ക്ക് ലഭിച്ച ഡാറ്റാസെറ്റില്‍ മുഹമ്മദ് ഖൈറുളളയുടെ പേരും ജനനത്തീയതിയും ഉള്ള ഒരാള്‍ ഉണ്ടെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ യുഎസിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ വിലക്കിന്റെ തുറന്ന വിമര്‍ശകനായിരുന്നു ഖൈറുല്ല. സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി അടക്കമുള്ള സംഘടനകള്‍ക്കൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ബംഗ്ലാദേശിലേക്കും സിറിയയിലേക്കും യാത്ര ചെയ്തിട്ടുണ്ട്.വൈറ്റ് ഹൗസിന്റെ നടപടി ഞെട്ടിച്ചുവെന്ന് ഖൈറുള്ള പറഞ്ഞു. ‘ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അല്ല, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതാണ് കാര്യം. എന്റെ സ്വത്വമാണ് ഇതിന് കാരണം. രാജ്യത്തെ ഏറ്റവും വലിയ ഓഫീസില്‍ ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു’- ഖൈറുള്ള പറഞ്ഞു. ഖൈറുള്ളയ്ക്ക് അനുമതി നിഷേധിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച യുസ് സീക്രട്ട്സ് സര്‍വീസ് വക്താവ് ആന്റണി ഗുഗ്ലെല്‍മി, എന്നാല്‍ കാരണം വ്യക്തമാക്കാന്‍ തയാറായില്ല.ജനുവരിയിലാണ് അഞ്ചാം തവണയും ഖൈറുള്ള മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. “ഇതുമൂലം ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, മേയറെ ഇന്ന് വൈകുന്നേരം വൈറ്റ് ഹൗസ് സമുച്ചയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല,” ഗുഗ്ലെല്‍മി പ്രസ്താവനയില്‍ പറഞ്ഞു. “നിര്‍ഭാഗ്യവശാല്‍, വൈറ്റ് ഹൗസില്‍ ഞങ്ങളുടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക സംരക്ഷണ മാര്‍ഗങ്ങളെയും രീതികളെയും കുറിച്ച്‌ കൂടുതല്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല.”- അദ്ദേഹം പറഞ്ഞു.CAIR-ന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെലാഡിന്‍ മക്‌സുത് ഈ നടപടിയെ “തികച്ചും അസ്വീകാര്യവും അപമാനകരവുമാണ്” എന്ന് വിശേഷിപ്പിച്ചു.
“മേയര്‍ ഖൈറുല്ലയെപ്പോലുള്ള ഉന്നതരും ആദരണീയരുമായ അമേരിക്കന്‍-മുസ്ലിം വ്യക്തികള്‍ക്ക് ഇത്തരം സംഭവങ്ങള്‍ സംഭവിക്കുകയാണെങ്കില്‍, മറ്റുള്ളവരുടെ കാര്യം എന്താകും” മക്‌സുത് പറഞ്ഞു

You might also like

Leave A Reply

Your email address will not be published.