സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യആസൂത്രകന് പിടിയില്‍

0

കുണ്ടമണ്‍കടവ് ഇലിപ്പോട് സ്വദേശി ശബരി എസ് നായരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ആശ്രമം കത്തിച്ചത് കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ് നാഥും ചേര്‍ന്നാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടാം പ്രതി കൃഷ്ണകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഒന്നാം പ്രതി കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുമ്ബ് നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കല്‍ കേസിലടക്കം പങ്കാളികളായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും ശാസ്ത്രീയ അന്വേഷണവുമാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്ക് എത്തിച്ചത്. ആശ്രമം കത്തിക്കലിന് നേതൃത്വം നല്‍കിയത് ആര്‍എസ്‌എസ് പ്രവര്‍ത്തകരായ പ്രകാശും ശബരിയുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത് സാധൂകരിക്കുന്ന നിരവധി ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ച്‌ വില്‍ക്കാനടക്കം നേതൃത്വം നല്‍കിയതും ശബരിയാണെന്ന് വ്യക്തമായി.ആര്‍എസ്‌എസുകാരായ കൃഷ്ണകുമാര്‍, സതികുമാര്‍, ശ്രീകുമാര്‍, രാജേഷ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കൊപ്പം ഈ പ്രതിയും സജീവമായി ഉണ്ടായിരുന്നതായി വ്യക്തമായി. സംഭവദിവസം രാത്രി പ്രതി പലരുമായും ആശയവിനിമയം നടത്തിയെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇയാളെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിച്ചത്. ആശ്രമം കത്തിക്കലില്‍ പ്രകാശിന് പങ്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമായതെന്നും സഹോദരന്‍ പ്രശാന്ത് നല്‍കിയ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇയാള്‍ പിന്നീട് മൊഴി മാറ്റിയെങ്കിലും ആദ്യം നല്‍കിയ മൊഴിക്ക് പിന്നാലെ സഞ്ചരിച്ച പൊലീസ് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു.

You might also like

Leave A Reply

Your email address will not be published.